പേരാമ്പ്ര ഇ എം എസ് ആശുപത്രിയിൽ അമൃതജീവനം പദ്ധതി തുടങ്ങി
ലാബ് ടെസ്റ്റുകൾക്ക് 30 മുതൽ 50 ശതമാനംവരെ ഇളവ്
പേരാമ്പ്ര: പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രി നടപ്പിലാക്കുന്ന സമഗ്ര പ്രമേഹ നിയന്ത്രണ പരിപാടിയായ അമൃതജീവനം പദ്ധതിക്ക് തുടക്കം. പദ്ധതി അംഗങ്ങൾക്ക് ഡോക്ടർമാർ നിർദേശിക്കുന്ന ലാബ് ടെസ്റ്റുകൾക്ക് 30 മുതൽ 50 ശതമാനംവരെ ഇളവും മരുന്ന് ഒഴികെയുള്ള സേവനങ്ങൾക്ക് 15 ശതമാനം ഇളവും ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് നിർവഹിച്ചു. ആശുപത്രി പ്രസിഡന്റ് എ കെ പത്മനാഭൻ അധ്യക്ഷനായി.
‘അമൃതജീവനം പ്രിവിലേജ് കാർഡ്’ വിതരണത്തിന്റെ ഉദ്ഘാടനം ഫെമിന കുഞ്ഞമ്മതിന് നൽകി ഡയബറ്റോളജിസ്റ്റ് അശ്വിൻ മുകുന്ദൻ നിർവഹിച്ചു. ഡയറക്ടർമാരായ ടി കെ ലോഹിതാക്ഷൻ, ഇ കെ കമലാ ദേവി എന്നിവർ സംസാരിച്ചു. ആശുപത്രി സെക്രട്ടറി സി. റജി സ്വാഗതം പറഞ്ഞു.