headerlogo
local

നബാർഡ് സഹായത്താൽ പെരുവണ്ണാമൂഴിയിൽ വന്യമൃഗശല്യം തടയാൻ സൗര തൂക്കുവേലി ഒരുങ്ങും

നബാർഡ്‌ സഹായത്തിലാണ്‌ കിലോമീറ്ററിന് എട്ടുലക്ഷം രൂപ ചെലവുള്ള വേലി നിർമാണം.

 നബാർഡ് സഹായത്താൽ പെരുവണ്ണാമൂഴിയിൽ വന്യമൃഗശല്യം തടയാൻ സൗര തൂക്കുവേലി ഒരുങ്ങും
avatar image

NDR News

03 Aug 2023 07:24 AM

   പേരാമ്പ്ര: പെരുവണ്ണാമൂഴി മേഖല യിൽ വന്യമൃഗശല്യം തടയാൻ സൗര തൂക്കുവേലി ഒരുങ്ങും. പൂഴിത്തോട് മുതൽ പേരാമ്പ്ര എസ്റ്റേറ്റിലെ പയ്യാനിക്കോട്ട വരെയുള്ള 18 കിലോമീറ്ററിലാണ്‌ സൗര തൂക്കുവേലി നിർമിക്കുക. നബാർഡ്‌ സഹായത്തിലാണ്‌ കിലോമീറ്ററിന് എട്ടുലക്ഷം രൂപ ചെലവുള്ള വേലി നിർമാണം. ഇക്കാര്യത്തിൽ ഭരണാനുമതിയും സാങ്കേതികാനുമതിയും ആയിട്ടുണ്ട്‌.

   ടി പി രാമകൃഷ്ണൻ എംഎൽഎ യുടെ അധ്യക്ഷതയിൽ ചക്കിട്ടപാറ പഞ്ചായത്ത്‌ വിളിച്ചുചേർത്ത യോഗത്തിൽ വന്യമൃഗശല്യം തടയാനുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ച തീരുമാനമെടുത്തു. കൂരാച്ചുണ്ട്, ചക്കിട്ടപാറ, ചെമ്പനോട വില്ലേജിൽ കൈവശ കൃഷിക്കാരുടെ ഭൂമിയിൽ വനം വകുപ്പ് നടത്തുന്ന സർവേ താൽക്കാലികമായി നിർത്തിവയ്‌ക്കാൻ എംഎൽഎ നിർദേശിച്ചു.

  മുതുകാട് ഉണ്ടൻമൂല മുതൽ ചെങ്കോട്ടക്കൊല്ലിവരെ തൊഴിലുറപ്പ്‌ സേവനം പ്രയോജനപ്പെടുത്തി കിടങ്ങ് പുനർനിർമിക്കും. കുരങ്ങു ശല്യം തടയാൻ കൃഷിയിടങ്ങളോട്‌ ചേർന്ന വനമേഖലകളിലെ മരക്കൊമ്പുകൾ മുറിച്ചുമാറ്റും. കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മയിൽ, മലയണ്ണാൻ എന്നിവയുടെ ശല്യവും രൂക്ഷമാണ്. പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം റബർമരം നശിപ്പിച്ച്‌ വർഷംതോറും ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുന്നു. വൈദ്യുതി വേലിയും കിടങ്ങും പലയിടത്തും തകർന്നു. സന്ധ്യയായാൽ പെരുവണ്ണാമൂഴി – പൂഴിത്തോട്റോഡിൽ വാഹനയാത്ര അസാധ്യമാണ്. പലരും സ്ഥലം വിറ്റ് വീടൊഴിഞ്ഞു. ചക്കിട്ടപാറ പഞ്ചായത്തിൽ 30 വർഷം മുമ്പുണ്ടായിരുന്ന ജനസംഖ്യയിലും കുറവുണ്ടായി.

   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ പി ബാബു, പഞ്ചായത്ത് പ്രസിഡണ്ട് കെ. സുനിൽ, റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ വി ബിജു, ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ ബൈജുനാഥ്, ചക്കിട്ടപാറ വില്ലേജ് ഓഫീസർ പി വി. സുധി എന്നിവർ യോഗത്തിൽ സംസാരിച്ചു.22 കിലോമീറ്റർ വനാതിർത്തിയുള്ള ചക്കിട്ടപാറ യിൽ കാട്ടാനക്കൂട്ടവും കാട്ടുപോത്തും വിള നശിപ്പിക്കുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം.

 

NDR News
03 Aug 2023 07:24 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents