വെള്ളിയൂരിൽ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു
പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു
നൊച്ചാട്: സംസ്ഥാന സർക്കാറിൻ്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി നൊച്ചാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ മൂന്ന് വർഷക്കാലത്തോളമായി നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്ന ജനകീയ ഹോട്ടൽ, കൂടുതൽ മെച്ചപ്പെട്ട സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടു കൂടി വെള്ളിയൂരിൽ അതിവിപുലമായ സൗകര്യത്തോടെ പ്രവർത്തനമാരംഭിച്ചു.
ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ നിർവ്വഹിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.എൻ. ശാരദ അധ്യക്ഷത വഹിച്ചു. സി.ഡി.എസ്. ചെയർ പേഴ്സൺ പി.പി. ശോണിമ സ്വാഗതവും, ഗ്രാമപഞ്ചായത്ത് അസി. സെകട്ടറി കെ. ഷെബീന നന്ദിയും പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എം. കുഞ്ഞിക്കണ്ണൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു അമ്പാളി, ഗ്രാമ പഞ്ചായത്തംഗം കെ. മധു കൃഷ്ണൻ എന്നിവർ സംസാരിച്ചു.