ചിങ്ങപുരം സി.കെ.ജി സ്കൂൾ ബസ് ഡ്രൈവറെ സംഘം ചേർന്ന് ആക്രമിച്ചു
സി.കെ.ജി ഹയർ സെക്കണ്ടറി സ്കൂൾ ബസ് ഡ്രൈവർ ദിവീഷ് എം.പി (34) നെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിങ്ങപുരം : ചിങ്ങപുരം സ്കൂൾ ബസ് ഡ്രൈവറെ സംഘം ചേർന്ന് ആക്രമിച്ചു. അക്രമത്തിൽ പരിക്കേറ്റ കൊയിലാണ്ടി ചിങ്ങപുരം സി.കെ.ജി ഹയർ സെക്കണ്ടറി സ്കൂൾ ബസ് ഡ്രൈവർ ദിവീഷ് എം.പി (34) യെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. തിക്കോടി, കോഴിപ്പുറം, കെ. ആർ. ഹൌസിൽ ദിനേശൻ്റെ മകനാണ് ദിവീഷ്.
ചിങ്ങപുരം സ്കൂളിന് സമീപമുള്ള ഗൃഹപ്രവേശം നടക്കുന്ന വീട്ടിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ച് ഇറങ്ങി ബസ്സിൽ കയറാൻ പോകുന്നതിനിട യിലാണ് ഒരുകൂട്ടം ആളുകൾ ചേർന്ന് ദിവീഷിനെ ക്രൂരമായി മർദ്ദിച്ചതെന്നു പറയുന്നു.
ബോധരഹിതനായി നിലത്ത് വീണ യുവാവിനെ വീണ്ടും സംഘം ചേർന്ന് ചവിട്ടുകയും കുത്തുകയും ചെയ്തിട്ടുണ്ട്. നിലത്തിട്ട് വലിച്ചിഴച്ചതായും അറിയുന്നു. മർദ്ദനത്തിൽ തലയ്ക്കും കണ്ണിനും കാര്യമായ പരിക്കേറ്റിട്ടുണ്ട്. ശരീരമാസകലം പരിക്കേറ്റതിനാൽ അടിയന്തരമായി സ്കാനിംഗ് നടത്തുന്നതിനായി ഡോക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ചിങ്ങപുരം സ്വദേശികളാണ് മർദ്ദനത്തിന് പിന്നിലെന്നു പറയുന്നു. പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയ തെന്ന് അറിയുന്നു. സംഭവത്തിൽ ദിവീഷിൻ്റെ കുടുംബം കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.