ജല ജീവൻ പദ്ധതിയുടെപൈപ്പിടൽ; അരിക്കുളം പഞ്ചായത്തിൽ റോഡുകൾ ചളിക്കുളമായി
ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്

അരിക്കുളം: ജല ജീവൻ പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തി മഴക്കാലത്ത് നടത്തുന്നത് കാരണം അരിക്കുളം പഞ്ചായത്തിലെ ചെറുകിട റോഡുകൾ പൂർണ്ണമായും തകർന്ന് ചളിക്കുളമായി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുകിട റോഡുകൾ തകർന്നത് കാരണം ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. പല ഭാഗത്തേക്കും വാഹനങ്ങൾ കടന്ന് പോകാൻ കഴിയാത്തതിനാൽ രോഗികളെ ഉൾപ്പെടെ ആശുപത്രിയിൽ എത്തിക്കാൻ കടുത്ത പ്രയാസമാണ് നേരിടുന്നത്.
കിളച്ച മണ്ണ് റോഡ് അരികിൽ കിടക്കുന്നത് കാരണം മഴവെള്ളത്തിൽ ഒലിച്ച് റോഡിൽ ഇറങ്ങി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ച്ചയാണ്. ഈ കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്തി പരിഹാരം വേണമെന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷൻ അരിക്കുളം പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
ടി. രാരുക്കുട്ടി അധ്യക്ഷനായി. എസ്. മുരളിധരൻ, ശ്രീധരൻ കണ്ണമ്പത്ത്, ശ്രീധരൻ കപ്പത്തൂർ, യൂസഫ് കുറ്റിക്കണ്ടി, കെ.കെ. ബാലൻ, കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.