headerlogo
local

ജീവിതക്രമത്തിന് യോഗ അനിവാര്യം; കെ. മുരളീധരൻ എം.പി.

ചെറുവണ്ണൂരിൽ അന്താരാഷ്ട്ര യോഗ ദിനാചരണം കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു

 ജീവിതക്രമത്തിന് യോഗ അനിവാര്യം; കെ. മുരളീധരൻ എം.പി.
avatar image

NDR News

19 Jun 2023 08:58 PM

ചെറുവണ്ണൂർ: ഇന്നത്തെ സാഹചര്യത്തിൽ ജീവിതക്രമം ചിട്ടപ്പെടുത്തുന്നതിനും മാനസികമായ പിരിമുറുക്കം കുറയ്ക്കുന്നതിനും യോഗ പരിശീലനം ജീവിതത്തിന്റെ ഭാഗമായി മാറ്റേണ്ടത് അനിവാര്യമാണെന്ന് കെ. മുരളീധരൻ എം.പി. അഭിപ്രായപ്പെട്ടു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിന്റെയും, സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ മഠത്തിൽ മുക്ക് സുദിനം ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ അന്താരാഷ്ട്ര യോഗ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

       ഭക്ഷണ രീതിയിലുണ്ടായ മാറ്റങ്ങളും തിരക്കുപിടിച്ച ജീവിതവും ശാരീരികവും മാനസികവുമായ തളർച്ചയ്ക്കും രോഗങ്ങൾക്കും കാരണമായി മാറുമ്പോൾ യോഗ പരിശീലനം ജീവിതത്തിന്റെ ഭാഗമാക്കിയാൽ മാനസിക പിരിമുറുക്കങ്ങളും ജീവിതശൈലി രോഗങ്ങളും പൂർണമായും ഇല്ലാതാവുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

       സംസ്ഥാന തലത്തിൽ 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ ആരംഭിക്കുന്ന ആയുഷ് യോഗ ക്ലബ്ബിന്റെ പ്രഖ്യാപനവും ഇതോടൊപ്പം അദ്ദേഹം നിർവഹിച്ചു.

       യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിജിത്ത് എൻ.ടി. അധ്യക്ഷത വഹിച്ചു. യോഗ പരിശീലക ഡോക്ടർ മൗന അലോറയെ ചടങ്ങിൽ കെ. മുരളീധരൻ എം.പി. ഉപഹാരം നൽകി ആദരിച്ചു. യോഗ ദിനത്തിന്റെ ഭാഗമായി നടന്ന പ്രബന്ധ രചന, ചിത്രരചന മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആദില നിബ്രാസ് നിർവ്വഹിച്ചു.

       ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജീവൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീഷ ഗണേഷ്, എൻ.ആർ. രാഘവൻ, മോനിഷ പി., മെമ്പർമാർ ആയ എ.കെ. ഉമ്മർ, സുബൈദ ഇ.കെ., ആർ.പി. ശോബീഷ്, ബാലകൃഷ്ണൻ എ., മുംതാസ് പി., എച്ച്.എം.സി. മെമ്പർ നിതീഷ് പി.സി., എം. മോഹനൻ, റഷീദ് മുയിപ്പോത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വാർഡ് മെമ്പർ ബിജിഷ സ്വാഗതവും മെഡിക്കൽ ഓഫീസർ സിബി രവീന്ദ്രൻ നന്ദിയും പറഞ്ഞു. യോഗ ദിനത്തിൻറെ ഭാഗമായി മാസ്സ് യോഗ പരിശീലനം, യോഗാ ഡാൻസ് എന്നിവയും നടന്നു.

NDR News
19 Jun 2023 08:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents