വിലക്കുറവുമായി കൺസ്യൂമർഫെഡിന്റെ സ്‌കൂൾ വിപണി
ജില്ലയിൽ 45 കേന്ദ്രത്തിലാണ് കൺസ്യൂമർഫെഡ് സ്റ്റുഡന്റ്‌സ് മാർക്കറ്റുകൾ ഒരുക്കിയത്.

കോഴിക്കോട്:പുത്തൻ ഡിസൈൻ ബാഗുകളും ട്രെൻഡിങ് കുടകളും നോട്ടുബുക്കും പെൻസിലും ഇൻസ്ട്രുമെന്റ് ബോക്സും തുടങ്ങി കുട്ടികൾക്കുള്ള ഷൂവരെ. പുത്തൻ അധ്യയന വർഷത്തെ വരവേൽക്കാനുള്ളതെല്ലാം ഒരുകുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ് മുതലക്കുളത്തെ കൺസ്യൂമർഫെഡ് മെഗാ ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റ്. അതും 40 ശതമാനംവരെ വിലക്കുറവിൽ.
ജില്ലയിൽ 45 കേന്ദ്രത്തിലാണ് കൺസ്യൂമർഫെഡ് സ്റ്റുഡന്റ്‌സ് മാർക്കറ്റുകൾ ഒരുക്കിയത്. വിപണിയിൽ കൃത്രിമ വിലക്കയറ്റമുണ്ടാക്കുന്നത് തടയാനാണ് സർക്കാരിന്റെ കൺസ്യൂമർഫെഡ് ഇടപെടൽ. എല്ലാ ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും ഇവ ആരംഭിച്ചു.
പ്രമുഖ കമ്പനികളുടെ കുടകൾക്ക് 15 മുതൽ 25 ശതമാനം വരെയാണ് വിലക്കുറവ്. 400 മുതൽ 2165 രൂപ വരെ വിലയ്‌ക്ക് വിവിധ ബാഗുകൾ ലഭിക്കും. പഠനോപകരണങ്ങൾ 20 ശതമാനംവരെയും ചെരുപ്പ്, ഷൂ എന്നിവ 10 ശതമാനം വരെയും വിലക്കുറവിൽ ലഭിക്കും.
അടിമുടി രൂപംമാറിയാണ് ത്രിവേണി നോട്ട്‌ബുക്കുകൾ ഇത്തവണ വിപണിയിലിറക്കിയത്. രൂപത്തിലും ഉപയോഗിക്കുന്ന പേപ്പറിലുമെല്ലാം മാറ്റമുണ്ട്. പൊതുവിപണിയേക്കാൾ 15 മുതൽ 30 ശതമാനംവരെ വിലക്കുറവുമുണ്ട്. ജൂൺ 25 വരെ മാർക്കറ്റ് പ്രവർത്തിക്കുമെന്ന് കൺസ്യൂമർഫെഡ് റീജണൽ മാനേജർ പി കെ അനിൽകുമാർ പറഞ്ഞു.