'സമ്മറൈസ്' അവധിക്കാല വിദ്യാർത്ഥി ക്യാമ്പ് ആരംഭിച്ചു
വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു
പയ്യോളി: മത നിരാസത്തിലേക്കും മൂല്യച്യുതിയിലേക്കും വഴുതി പോവുന്ന കുട്ടികളെ ബോധവത്കരിക്കാനും, ലഹരി, മൊബൈൽ അഡിക്ഷൻ, ലൈംഗിക അരാജകത്വങ്ങൾ, ലിബറൽ ചിന്തകളും സ്വതന്ത്രവാദങ്ങളും കൗമാരപ്രായക്കാർക്കിടയിൽ വർദ്ധിച്ച സ്വാധീനം ചെലുത്തുമ്പോൾ, അവധിക്കാലം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പയ്യോളി മണ്ഡലം വിസ്‌ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷനും വിസ്‌ഡം ഇസ്‌ലാമിക് ഗേൾസ് ഓർഗനൈസേഷനും സംയുക്തമായി ടീനേജ് വിദ്യാർത്ഥികൾക്കായി 'സമ്മറൈസ്' വേനൽ അവധിക്കാല ക്യാമ്പ് പയ്യോളിയിൽ ആരംഭിച്ചു.
മക്കളെ ധാർമികതയിലേക്കും സദാചാരമൂല്യങ്ങളിലേക്കും തുടങ്ങി പ്രായോഗികമായ പരിഹാരങ്ങളിലേക്ക് കൃത്യമായി വഴി നടത്തുവാൻ ഉദ്ദേശിച്ചു കൊണ്ട് അഞ്ചു ദിവസം തുടർച്ചയായി നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് നിർവഹിച്ചു. ഫാരിസ് അൽ ഹികമി, സൈഫുല്ല അബുബക്കർ, ഷഹീൻ എം.പി. എന്നിവർ പ്രസംഗിച്ചു.
'അവധിക്കാലം അറിവിൻ തണലിൽ' എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റസ് ഓർഗനൈസേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 'സമ്മറൈസ്' മോറൽ സ്കൂളിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.