headerlogo
local

കേരളത്തോട് കേന്ദ്ര സർക്കാർ ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

അർഹമായ നികുതിവിഹിതം പോലും നൽകാതെ കേരള വികസനത്തെ തുരങ്കം വയ്‌ക്കാനാണ് കേന്ദ്ര ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

 കേരളത്തോട് കേന്ദ്ര സർക്കാർ ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
avatar image

NDR News

02 May 2023 01:12 PM

ഒഞ്ചിയം :കേരളത്തോട് കേന്ദ്ര സർക്കാർ ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒഞ്ചിയം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച്‌ നടന്ന ബഹുജന റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അർഹമായ നികുതിവിഹിതം പോലും നൽകാതെ കേരള വികസനത്തെ തുരങ്കം വയ്‌ക്കാനാണ് കേന്ദ്ര ശ്രമം.   

 

 

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച കോച്ച് ഫാക്ടറി, എയിംസ് ,ശബരി റെയിൽ തുടങ്ങി പല പദ്ധതികൾക്കും അനുമതി നൽകിയില്ല. കിഫ്ബിയെ പോലും തകർക്കുന്നു. വായ്പയെടുക്കാൻ അനുമതി നിഷേധിക്കുന്നതിലൂടെ കേരളത്തിന്റെ ക്ഷേമ പദ്ധതികൾ തടയുകയാണ്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 157 നഴ്സിങ് കോളേജുകളിൽ ഒന്നുപോലും കേരളത്തിനില്ല. ലോകത്തിന് മാതൃകയായ കേരളത്തിന്റെ ആരോ​ഗ്യരം​ഗത്തെപ്പോലും പിന്നോട്ടടിപ്പിക്കാനാണ് ശ്രമം. പ്രളയകാലത്ത് അനുവദിച്ച അരിക്ക് പോലും പണം ഈടാക്കി. മറ്റ് രാജ്യങ്ങൾ നൽകാൻ സന്നദ്ധമായപ്പോൾ അതും തടഞ്ഞു.

 

 

ഇതിനൊക്കെ സഹായിക്കുന്ന സമീപനമാണ് കേരളത്തിലെ കോൺ​ഗ്രസ് സ്വീകരിക്കുന്നത്. ബി ജെ പിയുടെ മെഗാ ഫോൺ ആയിട്ടാണ് കേരളത്തിൽ കോൺ​ഗ്രസ് പ്രവർത്തനം. എല്ലാ പദ്ധതിയും എങ്ങനേയും തകർക്കാനാണ് ഇവരുടെ ശ്രമം.അതിനായി പല പുകമറയും സ‍‍ൃഷ്ടിക്കും. കെ ഫോൺ വന്നപ്പോഴും ഇതുപോലെ നിരവധി ആരോപണം ഉയർത്തിയതാണ്. റിലയൻസും ജിയോയുമുള്ളപ്പോൾ കെ ഫോൺ എന്തിനാണെന്നതായിരുന്നു ചോദ്യം. ഇപ്പോൾ എ ഐ കാമറകൾക്കെതിരെയും പുകമറ സൃഷ്ടിക്കുകയാണ്.

 

ഇരുചക്രവാഹനക്കാർക്കുണ്ടാകുന്ന പ്രയാസത്തിന് കാരണം കേന്ദ്ര നിയമമാണ്. കേന്ദ്രവുമായി ബന്ധപ്പെട്ട് ഇതിന് പരിഹാരം കാണാൻ ശ്രമിക്കും.

ആർഎസ്എസ് എത്ര ശ്രമിച്ചാലും കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് തകർക്കാൻ കഴിയില്ല. ഏതെങ്കിലും ഒരു വിഭാ​ഗത്തെ കൂടെക്കൂട്ടാനുളള ഇവരുടെ ശ്രമം കേരളത്തിൽ വിജയിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

 

ചടങ്ങിൽ കോയിറ്റോടി ഗംഗാധരക്കുറുപ്പ് അധ്യക്ഷനായി. മന്ത്രി പി എ മുഹമ്മദ് റിയാസ്, സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ, ഇ കെ വിജയൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ, സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം ആർ സത്യൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ടി പി ബിനീഷ് സ്വാഗതവും ആർ ഗോപാലൻ നന്ദിയും പറഞ്ഞു.

NDR News
02 May 2023 01:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents