തിരക്കിൽ നട്ടം തിരിഞ്ഞ് കോഴിക്കോട് ബീച്ച് റോഡ്
വൈകിട്ട് നാലോടെ തുടങ്ങുന്ന തിരക്ക് പാതിരാവരെയും തുടരും.

കോഴിക്കോട്:മധ്യവേനലവധിയും വിഷുവും റംസാനും ഒന്നിച്ചെത്തിയതോടെ തിരക്കിൽ നട്ടംതിരിഞ്ഞ് ബീച്ച് റോഡ്. നഗരത്തിലെ തിരക്ക് ഒഴിവാക്കി ബീച്ച് റോഡ് തെരഞ്ഞെടുത്താൽ നീണ്ട ഗതാഗതക്കുരുക്കിൽ അകപ്പെടും. പണിക്കർ റോഡ് മുതൽ കോതി റോഡ് അവസാനിക്കുന്നതുവരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. വൈകിട്ട് നാലോടെ തുടങ്ങുന്ന തിരക്ക് പാതിരാവരെയും തുടരും.
ബീച്ചിലെത്തുന്നവരും തിരക്കിൽ വലയുകയാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സൗകര്യമില്ലാത്തതാണ് ദുരിതം ഇരട്ടിയാക്കുന്നത്. വാഹനങ്ങൾ നിശ്‌ചിത പാർക്കിങ് എരിയയിൽ അല്ലാതെ നിർത്തിയിടുന്നതും കുരുക്ക് കൂട്ടുന്നു. ഇതിനിടെ ബീച്ചിൽ രണ്ട് പ്രദർശനങ്ങളും ആരംഭിച്ചതോടെ തിരക്ക് പതിന്മടങ്ങായി.
ഫ്രീഡം സ്‌ക്വയറിൽ പരിപാടികൾ നടക്കുന്ന ദിവസം ബീച്ചിൽ കാൽനടയാത്രപോലും അസാധ്യമാണ്. രാത്രി ഗതാഗതനിയന്ത്രണത്തിന് പൊലീസുണ്ടാകാത്തതും തിരക്കിന് കാരണമാകുന്നുണ്ട്. വൈകിട്ടായാൽ കുരുക്ക് കാരണം ഓട്ടോറിക്ഷകളും മറ്റും ബീച്ചിലേക്ക് വരാൻ മടിക്കുകയാണ്. ബീച്ചിലെത്തിയവർ മടങ്ങാൻ വണ്ടികിട്ടാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നു.