നന്മണ്ടയിൽ റോഡരികിൽ നിർത്തിയിട്ട ഓട്ടോ മോഷണം പോയി
രാത്രി ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടതായിരുന്നു ഉടമ ഷാജി.
![നന്മണ്ടയിൽ റോഡരികിൽ നിർത്തിയിട്ട ഓട്ടോ മോഷണം പോയി നന്മണ്ടയിൽ റോഡരികിൽ നിർത്തിയിട്ട ഓട്ടോ മോഷണം പോയി](imglocation/upload/images/2023/Apr/2023-04-11/1681183574.webp)
നന്മണ്ട:നന്മണ്ട 13 ൽ വാഹന മോഷണം വ്യാപകമായതോടെ ഉടമകൾ ഭീതിയിലായി. കഴിഞ്ഞ ദിവസം പുലർച്ചെ തളിശിവ ക്ഷേത്രത്തിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കെഎൽ 76 90 50 ഓട്ടോയാണ് മോഷണം പോയത്. ശനിയാഴ്ച രാത്രി ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടതായിരുന്നു ഉടമ ഷാജി. ഞായറാഴ്ച ഉച്ചയോടെയാണ് മോഷണം പോയ വിവരം അറിയുന്നത്.
ക്ഷേത്രത്തിലെ സിസിടിവി പരിശോധിച്ചതിൽ നിന്ന് ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ ഒരാൾ വണ്ടി തള്ളിക്കൊണ്ട് പോകുന്നത് കാണുന്നുണ്ട്. ഏതാനും ദിവസം മുമ്പ് ആക്രിക്കടയിൽ നിന്ന് ഇരുചക്രവാഹനം മോഷണം പോയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് നന്മണ്ടയിൽ വാഹന മോഷ്ടാതിലൂടെ ശല്യം വർധിച്ചുവരുന്നത്.
നേരത്തെ പെട്രോൾ പമ്പിന് മുൻവശം റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്ന് പെട്രോൾ ഊറ്റിയെടുക്കുന്ന സംഘം സജീവമായിരുന്നു. ഓട്ടോറിക്ഷ മോഷണം പോയ സംഭവത്തിൽ ഷാജി ബാലുശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.