മന്ദങ്കാവ് ബെവ്കോ ലേബലിങ്ങ് തൊഴിലാളി നിയമനത്തിൽ ക്രമക്കേട് നടക്കുന്നതായി സമര സമിതി
ഭരണപക്ഷ പാർട്ടി അനുഭാവികളായ കുടുംബശ്രീ അംഗങ്ങളെ മാത്രം നിയമിച്ചുവെന്ന് ആരോപണം

നടുവണ്ണൂർ: മന്ദങ്കാവ് ബെവ്കോ ഗോഡൗണിലെ ലേബലിങ്ങ് തൊഴിലാളി നിയമനവും ആരോപണം. ബെവ്‌കോയിൽ ലേബലിംഗ ജോലിചെയ്യാൻ തൊഴിലാളികളെ ആവശ്യമുണ്ടെന്ന്കാണിച്ചു കൊണ്ട് ബെവ്‌കോ അധികാരികൾ കുടുംബശ്രീ ജില്ലാ മിഷനെ മാസങ്ങൾക്ക് മുൻപേ അറിയിച്ചു. എന്നാൽ നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് സി. ഡി. എസ്. ഒരൊറ്റ കുടുംബശ്രീ യുണിറ്റിലും വിവരങ്ങൾ അറിയിച്ചിരുന്നില്ലെന്ന് സമരസമിതി നേതാക്കൾ ആരോപിച്ചു.
നവമാധ്യങ്ങളിലും മറ്റും, മന്ദം കാവ് ബെവ്‌കോ ലേബലിംഗ് യൂണിറ്റിലേക്ക് കുടുംബശ്രീ അംഗങ്ങളെ ആവശ്യമുണ്ട് എന്ന് വാർത്ത കണ്ടതോടെ നടുവണ്ണൂർ പഞ്ചായത്തിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും 150 ൽ പരം അപേക്ഷകൾ പഞ്ചായത്ത് സി.ഡി.എസ്. ന് ലഭിക്കുകയുണ്ടായി. അപേക്ഷയുടെ അടിസ്ഥാനത്തിൽ ബെവ്‌കോ അധികാരികളെയോ, പ്രദേശത്തെ വാർഡ് മെoമ്പറെയോ പങ്കെടുപ്പിക്കാതെയും ഇതിന്റെ മാനദണ്ഡങ്ങളും ,യോഗ്യതയും പരിഗണിക്കാതെ ഇന്റർവ്യൂ പ്രഹസനം നടത്തി ഭരണപക്ഷ പാർട്ടി അനുഭാവികളായ കുടുംബശ്രീ അംഗങ്ങളെ നിയമിക്കുകയാണ് ചെയ്തതത്രേ.
ഇതര രാഷ്ട്രീയ പാർട്ടികളിലെ ഒരംഗത്തെ പോലും നിയമിക്കാൻ തയ്യാറായിട്ടില്ല. 150 അപേക്ഷകളിൽ പല രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട കുടുംബശ്രീ അംഗങ്ങൾ ഉണ്ടായിട്ടും ഒരാളെ പോലും നിയമിക്കാതെ ബെവ്‌കോഎന്ന സ്ഥാപനം സ്വന്തക്കാർക്കും, ഇഷ്ടക്കാർക്കും മാത്രം ജോലി നൽകുന്ന പ്രവണത ഒരിക്കലും അംഗീകരിക്കില്ലെന്നും, പ്രഹസനമാക്കിയ ഇന്റർവ്യൂ റദ്ദ് ചെയ്തു വീണ്ടും സുതാര്യമായി ഇന്റർവ്യൂ നടത്തി രാഷ്ട്രീയത്തിന് അതീതമായി അർഹതപ്പെട്ട കുടുംബശ്രീ അംഗങ്ങളെ നിയമിക്കണമെന്നും സംയുക്ത സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു.
നേരത്തേ ബെവ്കോ ഗോഡൗണിലേക്ക് കയറ്റിറക്ക് തൊഴിലാളികളെയും ഇതേ രീതിയിലാണ് നിയമിച്ചെതെന്നും, പരിസര പ്രദേശത്തുകാരായ വിവിധ രാഷ്ട്രീയ പാർട്ടിയിലെ തൊഴിലാളികളെയും ഇനിയും അവഗണിക്കുന്ന പക്ഷം ശക്തമായ സമര പരിപാടികളും, നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സമരസമിതി അറിയിച്ചു. എം. സത്യൻ മാസ്റ്റർ അധ്യക്ഷനായി. കൺവീനർ കെ.ടി.കെ.റഷീദ്, ഇ. അജിത് കുമാർ,വി.പി. ബൈജു,ഷമീർ തുരുത്തി മുക്ക്,കെ.പി.സത്യൻ എന്നിവർ സംസാരിച്ചു.