headerlogo
local

'ജീവിതം മനോഹരമാണ്'; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കം

വിമുക്തി ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു

 'ജീവിതം മനോഹരമാണ്'; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കം
avatar image

NDR News

29 Mar 2023 06:32 AM

പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിമുക്തി ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കമായി. കർട്ടൻ പേരാമ്പ്രയുടെ 'ജീവിതം മനോഹരമാണ്' എന്ന ലഹരി വിരുദ്ധ നാടകത്തിലൂടെയാണ് മദ്യത്തിനും മയക്കുമരുന്നിനും എതിരായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. നാടകത്തിന്റെ ആദ്യ പ്രദർശനം പേരാമ്പ്ര ഇ.കെ. നായനാർ ഓഡിറ്റോറിയത്തിൽ അരങ്ങേറി. 

         ഒരു ലഹരിയും ജീവിത ത്തോളം മികച്ചതല്ല എന്ന സന്ദേശമാണ് ഈ നാടകം നൽകുന്നത്. ഈ മനോഹര തീരത്ത് ഇനിയൊരു ജന്മത്തിന്റെ ആവശ്യമില്ലെന്നും ലഭിച്ച ജീവിതം മനോഹരമാക്കാൻ എല്ലാ ലഹരിയോടും നോ പറയുകയാണ് വേണ്ടതെന്നും നാടകം പറയുന്നു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ഒരു എക്സൈസ് ഓഫീസറുടെ അനുഭവങ്ങളാണ് പ്രേക്ഷകരോട് സംസാരിക്കുന്നത്. പതിവ് ലഹരി വിരുദ്ധ നാടകങ്ങളിൽ കാണുന്ന മദ്യപാനം, മയക്ക്മരുന്ന് ഉപയോഗം, പുകവലി വലി എന്നിവയോ കുറഞ്ഞത് ഒരു ബീഡി കുറ്റി പോലും രംഗത്ത് കാണിക്കാതെയാണ് സംവിധായകൻ നാടകത്തെ അണിയിച്ചൊരുക്കിയിട്ടുള്ളത്. 

         ഒരു പ്രൊഫഷണൽ നാടകത്തെ വെല്ലുന്ന തരത്തിലുള്ള രംഗപടം ഈ നാടകത്തിന്റെ പ്രത്യേകതയാണ്. സാധാരണ ബോധവത്കരണ നാടകങ്ങളെല്ലാം ഒരു വെള്ള കർട്ടന്റെ മുന്നിലോ തെരുവുനാടകങ്ങളായോ ആണ് അങ്ങേറാറ്. എന്നാൽ ഇവിടെ അഞ്ച് പശ്ചാത്തലത്തിലൂടെ കഥ പറയുന്ന 45 മിനുട്ട് ദൈർഘ്യമുള്ള നാടകത്തിൽ രംഗപടത്തിന്റെ സാധ്യത ഓരോ തലത്തിലും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പേരാമ്പ്രയിലെ ജനപ്രതിനിധികൾക്കും സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ കലാ രംഗത്തെ പ്രമുഖർക്കും കുടുബശ്രീ ഭാരവാഹികൾക്കും മുന്നിലാണ് നാടകത്തിന്റെ ആദ്യ പ്രദർശനം നടന്നത്. 

         പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ രമേശ് കാവിലാണ് നാടകത്തിന്റെ രചന നിർവ്വഹിച്ചത്. മലയാള നാടക രംഗത്തെ ബഹുമുഖപ്രതിഭ രാജീവൻ മമ്മിളിയാണ് നാടകത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് ശങ്കർ സംഗീതവും അജയ് ഗോപാൽ ആലാപനവും നിർവ്വഹിച്ച നാടകത്തിന്റെ രംഗപടം ഒരുക്കിയിരിക്കുന്നത് ബിജു സീനിയയാണ്. പ്രശസ്ത നാടക പ്രവർത്തകനും റിട്ട. എക്സൈസ് ഉദ്യോഗസ്ഥനുമായ കെ.സി കരുണാകരൻ മുഖ്യ വേഷത്തിൽ എത്തിയ ജീവിതം മനോഹരത്തിൽ സുബീഷ് തളിയോത്തും വേഷമിട്ടിരിക്കുന്നു. 

         വിമുക്തി ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ. സജീവൻ, പി.കെ. രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ലിസി, പി.ടി. അഷറഫ്, വഹീദ പാറേമ്മൽ, കെ.കെ. വേിനാദൻ, ഗിരിജ ശശി, സി. സനാതനൻ, പ്രഭ ശങ്കർ, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന, രാജീവൻ മമ്മിളി, ബി.പി.ഒ. പി.വി. നിത തുടങ്ങിയവർ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. ഖാദർ സ്വാഗതം പറഞ്ഞ ചടങ്ങിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര നന്ദിയും പറഞ്ഞു.

NDR News
29 Mar 2023 06:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents