എൻ എൻ കക്കാട് എസ് ജി എച്ച് എസ് എസ് അവിടെനല്ലൂരിലെ നീരജിന് ദേശീയതലത്തിൽ അംഗീകാരം
ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ
അവിടനെല്ലൂർ :2023, ജനുവരി 27 മുതൽ 31 വരെ ഗുജറാത്തിലെ അഹമ്മദാബാദിൽ വച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച 16 പ്രൊജക്ടിൽ ഒന്നായി നീരജ് അവതരിപ്പിച്ച പ്രബന്ധം തെരഞ്ഞെടുത്തിരിക്കുന്നു. ആകെ 800 പ്രോജക്ടുകൾ ആയിരുന്നു വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും മത്സരിക്കാൻ ഉണ്ടായിരുന്നത്.
കേരളത്തിൽ നിന്നും ജൂനിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും ആയി ഓരോ പ്രോജക്ടുകൾ വീതമാണ് മികച്ച പ്രൊജക്ടുകളിൽ പെട്ടത്. നീരജ് മത്സരിച്ചത് സീനിയർ വിഭാഗത്തിൽ ആയിരുന്നു. 2018 ൽ ഭുവനേശ്വരിൽ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ ജൂനിയർ വിഭാഗ ത്തിലും കേരളത്തെ പ്രതിനിധീകരിച്ച് നീരജ് പങ്കെടുത്തി രുന്നു.
ആവാസ വ്യവസ്ഥയെ അറിയുക എന്ന ഉപ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ അവിടനല്ലൂർ 'ഗ്രാമത്തിലെ നെൽവയലുകളിലെ കീടനിയന്ത്രണത്തിന് നാടൻ മത്സ്യങ്ങൾ 'എന്ന വിഷയത്തിൽ ആയിരുന്നു പ്രബന്ധം അവതരി പ്പിച്ചത്.ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നാട്ടിൽ കാണപ്പെടുന്ന പ്രാദേശിക മത്സ്യങ്ങൾ ഉപയോഗിച്ചുള്ള ഒരു സംയോജിത കൃഷി രീതിയാണ് ഈ പ്രബന്ധം മുന്നോട്ടുവച്ചത്. ആദിത്യൻ യു എസ്സ് ആയിരുന്നു കോവർക്കർ.
എൻ എൻ കക്കാട് എസ് ജി എച്ച് എസ് എസ് അവിടെനല്ലൂരിലെ തന്നെ ഹയർസെക്കൻഡറി വിഭാഗം അധ്യാപകരായ സിജുരാജിൻ്റെയും ഷീനയുടെയും മകനാണ് നീരജ്.വടകര സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ഉല്ലാസിന്റെയും കുറുമ്പൊയിൽ ദേശ സേവാ യുപി സ്കൂൾ അധ്യാപിക ഷിജിയുടെയും മകനാണ് ആദിത്യൻ.