കൂരാച്ചുണ്ടിലെ തെരുവ് നായ ശല്യത്തിന് പരിഹാരം വേണം
തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ നടപടി വേണമെന്ന് ഐഎൻടിയുസി കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിൽ വർധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ നടപടി വേണമെന്ന് ഐഎൻടിയുസി കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
സ്കൂളിൽ പോകുന്ന കുട്ടികൾ പോലും ഇവയുടെ ആക്രമണത്തിന് ഇരയാകുകയാണ്.കഴിഞ്ഞ ദിവസം ടൗണിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ സ്കൂൾ വിദ്യാർഥിയെ ഓടിച്ചിട്ട് കടിച്ച് പരിക്കേൽപ്പിച്ച സംഭവം ഏറെ വേദനാജനകമാണെന്ന് യോഗം വിലയിരുത്തി. ഇതിനു മുമ്പും കൂരാച്ചുണ്ട് ടൗണിൽ നിന്നും നിരവധി ആളുകൾക്ക് തെരുവു നായയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.
തെരുവു നായകളുടെ ശല്യത്തിന് പരിഹാരം കാണുന്നതിന് സർക്കാറും പഞ്ചായത്തും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു.ടി.എൻ. അനിഷ്, റെജി മറ്റം, സന്തോഷ് പേണ്ടാനത്ത്, ബാബുരാജ് കുന്നത്തുമീത്തൽ, പി.കെ.സി. അമ്മദ്, ബീന മാത്യു എന്നിവർ പ്രസംഗിച്ചു.