മതേതരത്വത്തിൻ്റെ പാരമ്പര്യങ്ങളെ തകർക്കാനും ചരിത്രത്തെ തിരുത്തി എഴുതാനും ഭരണകൂട ശ്രമം - രമേശ് ചെന്നിത്തല
എ. വി. അനുസ്മരണ സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: കേരളത്തിൻ്റെ രാഷ്ട്രീയ രംഗത്ത് തനിമയാർന്ന വ്യക്തിമുദ്ര പതിപ്പിച്ച ഒരപൂർവ വ്യക്തിത്വമായിരുന്ന എ.വി.അബ്ദുറഹ്മാൻ ഹാജിയുടേതെന്നും
താൻ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ സന്ധിയില്ലാതെയുള്ള നിലപാടുകൾ എടുത്ത നിയമസഭാ സാമാജികൻ കൂടിയായിരുന്നു അദ്ദേഹമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എൽ എ പറഞ്ഞു. മേപ്പയൂരിൽ സലഫി അസോസിയേഷനു കീഴിലെ വിവിധ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ എ. വി. ചെയർ സംഘടിപ്പിച്ച എ. വി. അനുസ്മരണവും സമകാലീന ഇന്ത്യ പ്രഭാഷണവും ഉദ്ഘാടനം ചെയ്ത അദ്ദേഹം.
മതേതരത്വത്തിൻ്റെ പാരമ്പര്യങ്ങളെ തകർക്കാനും ചരിത്രത്തെ തിരുത്തി എഴുതാനും ഭരണകൂടങ്ങൾ ശ്രമിക്കുന്നു. ഭരണഘടനയെ മാനിക്കാതെ ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തി അപകടകരമായ അന്തരീക്ഷം വളർത്തിയെടുക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള പോരട്ടത്തിൽ ഒരുമിച്ചു നിൽക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ടി. പി. രാമകൃഷ്ണൻ എം.എൽ.എ എ. വി. അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ 'സമകാലീന ഇന്ത്യ മതേതരത്വത്തിൻ്റെ വർത്തമാനം' എന്ന വിഷയത്തിൽ യു. എൻ. എ. ഖാദർ പ്രഭാഷണം നടത്തി. എ. വി. ചെയറിൻ്റെ ലോഗോ പ്രകാശന കർമ്മം മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ടി. രാജൻ നിർവഹിച്ചു. സലഫിയ അസോസിയേഷൻ ജനറൽ സെക്രട്ടറി എ. വി. അബ്ദുല്ല, ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ, സിപിഐ ജില്ലാ സെക്രട്ടറി കെ. കെ. ബാലൻ, സലഫിയ അസോസിയേഷൻ സെക്രട്ടറി എ. പി. അസീസ്, കണ്ടോത്ത് അബൂബക്കർ ഹാജി, കെ. കെ. കുഞ്ഞബ്ദുല്ല എന്നിവർ പ്രസംഗിച്ചു. സലഫിയ അസോസിയേഷൻ പ്രസിഡൻ്റ് ഹുസൈൻ മടവൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ. വി. ചെയർ കൺവീനർ അജയ് ആവള സ്വാഗതവും സലഫിയ അസോസിയേഷൻ എ. ഒ. അഡ്വ: പി. കുഞ്ഞിമൊയ്തീൻ നന്ദിയും പറഞ്ഞു.