വളർച്ചയുടെ ചിറകിലേറി പേരാമ്പ്ര; പുതിയ മത്സ്യമാർക്കറ്റ് കെട്ടിടം നാടിന് സമർപ്പിച്ചു
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു

പേരാമ്പ്ര: അനുദിനം വളരുന്ന പേരാമ്പ്രയുടെ മുഖഛായ മാറാൻ പുതുതായി നിർമ്മിച്ച മത്സ്യ മാർക്കറ്റ് കെട്ടിടം നാടിന് സമർപ്പിച്ചു. പേരാമ്പ്ര എംഎൽഎ ടി. പി. രാമകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.
പേരാമ്പ്ര ബ്ലോക്ക് - ഗ്രാമ പഞ്ചയത്തുകൾ സംയുക്തമായി ഏകദേശം 80 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. പഴയ കെട്ടിടം പൊളിച്ചാണ് പുതിയ മാർക്കറ്റ് കെട്ടിടം നിർമ്മിച്ചത്. പുതിയ കെട്ടിടത്തിൽ മത്സ്യവിൽപ്പനയ്ക്കായി മേൽക്കൂര ഷീറ്റിട്ട് നിർമിച്ച വിശാലമായ ഹാളും മേൽക്കൂര വാർപ്പുള്ള എട്ട് മുറികളുമുണ്ട്. മത്സ്യം വെക്കാൻ കോൺക്രീറ്റ് സ്ലാബും ടൈൽ പതിച്ച് സജ്ജമാക്കി. സ്ലാബിന് താഴെ മലിനജലം ഒലിച്ചുപോകാൻ ചാലുകളും ഒരുക്കിയിട്ടുണ്ട്. മാർക്കറ്റിൽ ഒരേ സമയം 50 പേർക്ക് വിൽപ്പന നടത്താൻ സാധിക്കും.
ചടങ്ങിൽ മുൻ എംഎൽഎമാരായ കെ. കുഞ്ഞമ്മദ്, എ. കെ. പത്മനാഭൻ, എം. കുഞ്ഞമ്മദ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പി. ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ സി. എം. ബാബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. എം. റീന, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി. സജീവൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി പൊൻപറ, എസ്. കെ. സജീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കെ. ലിസി, ഗ്രാമപഞ്ചായത്ത് അംഗം സി. എം. സജു, യൂസഫ് കോറോത്ത്, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. കെ. പ്രമോദ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എ. എൻ. ഷിജു നന്ദിയും പറഞ്ഞു.