കാപ്പാട് ബീച്ചിനെ ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്തണം: വികസന സമിതി
കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബു രാജ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: അന്താരാഷ്ട്ര ഗുണനിലവാര സർട്ടിഫിക്കേഷൻ (ബ്ലൂ ഫ്ലാഗ്) ലഭിച്ച ലോക വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബീച്ചിനെ ടൂറിസം മാപ്പിൽ ഉൾപ്പെടുത്ത ണമെന്ന് പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ വികസനസമിതിയും നിഡ്സ് ഫൗണ്ടേഷൻ കേരളയും ലോക വിനോദ സഞ്ചാരദിനത്തിൽ ബ്ലു സീയിൽ ചേർന്ന ജനകീയ കൺവെൻഷൻ കേരള ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടു.
ടൂറിസം വകുപ്പ് നടത്തുന്ന ഒരു വിനോദ പരിപാടിയും കാപ്പാടിനെ പരിഗണിക്കാറില്ല. വിദേശികളും സ്വദേശികളുമായ ആയിരകണക്കിന് വിനോദ സഞ്ചാരികൾ എത്തി ചേരുന്ന കാപ്പാട് അടിസ്ഥാന സൗകര്യം വികസിപ്പിക്കണമെന്നും കാപ്പാടൻ കൈപ്പുഴ വീതിയും ആഴവും കൂട്ടി കോരപ്പുഴ അഴിമുഖംവരെ കായൽ ടൂറിസം പദ്ധതി നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബു രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി. ശിവാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ വി. ഷരീഫ്, പുല്യത്ത് വത്സല, ബ്ലു ഫ്ലാഗ് മാനേജർ ഷിജിത്ത് രാജ്, വി. എം. മോഹനൻ, വി. കെ. വിനോദ്, നാസർ കാപ്പാട് എന്നിവർ സംസാരിച്ചു.
യോഗത്തിൽ കാപ്പാട് ടൂറിസം കമ്മിറ്റിക്കു രൂപം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. പി. മൊയ്‌ദീൻകോയ (പ്രസിഡന്റ്), വി. എം. മോഹനൻ (ജനറൽ സെക്രട്ടറി), ശശി കുനിയിൽ (ട്രഷറർ), പഞ്ചായത്ത് മെമ്പർ വി. ഷരീഫ് (വർക്കിംഗ് പ്രസിഡന്റ്), നൗഫൽ തിരുവങ്ങൂർ (വൈസ് പ്രസിഡന്റ്), വി. കെ. വിനോദ് (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.