കരുവണ്ണൂർ അങ്ങാടി സൗന്ദര്യവൽക്കരണം; ഉദ്ഘാടനം ഒക്ടോബർ രണ്ടിന്
കെ. എം. സച്ചിൻ ദേവ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും
കരുവണ്ണൂർ: ഇനി കരുവണ്ണൂർ അങ്ങാടിയുടെ മുഖഛായ മാറും. ക്ലീൻ കരുവണ്ണൂർ പ്രവർത്തനങ്ങൾ അങ്ങാടിയുടെ സൗന്ദര്യ വൽക്കരണത്തിലൂടെ ആരംഭിക്കും. ഒക്ടോബർ രണ്ടിന് വൈകീട്ട് 4 ന് നടക്കുന്ന ചടങ്ങ് കെ. എം. സച്ചിൻ ദേവ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ അധ്യക്ഷനാകും.
സൗന്ദര്യ വത്കരണത്തിൻ്റെ ഭാഗമായി സ്കൂൾ അംഗൻവാടികൾ സ്ഥാപനങ്ങൾ റോഡുകൾ തുടങ്ങിയവയുടെ പരിസരങ്ങൾ മാലിന്യമുക്തമാക്കി. ഉള്ള്യേരി - പേരാമ്പ്ര സംസ്ഥാനപാതയിൽ കരുവണ്ണൂരിൽ ശുചിത്വ സുന്ദര ഗ്രാമം സാക്ഷാത്കരിക്കപ്പെടുകയാണ്.
കലാ പഠനത്തിലും കലാ പ്രവർത്തനങ്ങളിലും സേവന ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഉൾപ്പെടെ കേവലം മൂന്നു വർഷം കൊണ്ട് നിരവധി പരിപാടികൾ സംഘടിപ്പിച്ച കരുവണ്ണൂർ ആർട്ട് ഗാലറിയാണ് സൗന്ദര്യ വൽക്കരണത്തിന് നേതൃത്വം നൽകുന്നത്. അങ്ങാടിയിലെ ബസ് സ്റ്റോപ്പ് ചിത്രങ്ങൾ വരച്ച് അലങ്കരിച്ചതും നവീകരിച്ചതും മുതിർന്ന ചിത്രകാരൻമാരാണ്. കൊറോണ കാരണം മാസങ്ങളായി അടഞ്ഞുകിടന്നിരുന്ന കരുവണ്ണൂർ ജിയുപി സ്കൂൾ നവംബറിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് ശുചീകരിച്ച് ചിത്രങ്ങൾ കൊണ്ടലങ്കരിച്ചത് കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള സംഘമാണ്. അതോടൊപ്പം ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തും അനുവദിച്ച കലാഗ്രാമം പദ്ധതിക്ക് 8 സെന്റ് സ്ഥലം ജനകീയ പങ്കാളിത്തത്തോടെ വാങ്ങി പഞ്ചായത്തിന് കൈമാറുകയും ചെയ്തു.