ചിരകാല സ്വപ്നം പൂവണിഞ്ഞു; പേരാമ്പ്ര സബ്ട്രഷറി കെട്ടിടം നാടിന് സമർപ്പിച്ചു
ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു
പേരാമ്പ്ര: ആധുനിക സജ്ജീകരണങ്ങളോടു കൂടി നിർമ്മിച്ച പേരാമ്പ്ര സബ്ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നാടിന് സമർപ്പിച്ചു. പേരാമ്പ്രയിലെ പൊതു ജനങ്ങളുടെയും ജീവനക്കാരുടെയും ചിരകാല സ്വപ്നമാണ് ഇതോടെ പൂവണിയുന്നത്.
ട്രഷറി ഇൻഫ്രാസ്ട്രക്ച്ചർ പ്രൊജക്റ്റിൽ ഉൾപ്പെടുത്തി 2 കോടി 51 ലക്ഷം രൂപ വിനിയോഗിച്ചാണ് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ സബ്ട്രഷറി പേരാമ്പ്രയിൽ ഒരുങ്ങിയിരിക്കുന്നത്. സൗകര്യപ്രദമായ ഒരു ട്രഷറി ഓഫീസ് എന്ന ട്രഷറി ഇടപാടുകൾ നടത്തുന്നവരുടെ ഏറെ നാളത്തെ ആവശ്യമാണ് നടപ്പിലായത്. പേരാമ്പ്ര, നൊച്ചാട്, കൂത്താളി, ചങ്ങരോത്ത്, ചെറുവണ്ണൂർ, വളം, അരിക്കുളം, നടുവണ്ണൂർ പഞ്ചായത്തുകളാണ് പേരാമ്പ്ര സബ് ട്രഷറിക്ക് കീഴിൽ വരുന്നത്.
ചടങ്ങിൽ ടി. പി. രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. അഡ്വ: കെ. എം. സച്ചിൻ ദേവ് എംഎൽഎ മുഖ്യാഥിതിയായി. ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ സലിൽ എ. റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻ സ്വാഗതവും ജില്ലാ ട്രഷറി ഓഫീസർ ഷാജി എം നന്ദിയും പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. കെ. പ്രമോദ് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതൻ, മറ്റ് രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.