കൈതക്കൽ സ്വദേശി ടി. കെ. മഞ്ജുളയ്ക്ക് വുമൺ ഐക്കൺ അവാർഡ്
കൈതക്കലിൽ പ്രവർത്തിച്ചുവരുന്ന 'സമത' പ്രൊഡക്ഷൻ യൂണിറ്റ് മഞ്ജുളയുടെ നേതൃത്വത്തിലാണ് പ്രവർത്തിച്ചുവരുന്നത്
പേരാമ്പ്ര: ടെക്ഫോമ ഇന്ത്യയുടെ ഈ വർഷത്തെ വുമൺ ഐക്കൺ അവാർഡിന് ടി. കെ. മഞ്ജുളയെ തെരഞ്ഞെടുത്തു. കോഴിക്കോട് ജില്ലയിൽ തുടക്കം കുറിച്ച് സംസ്ഥാനമാകെ വ്യാപകമാക്കിയ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ സ്ഥാപക എന്ന നിലയിലും വനിതാസംരംഭക എന്ന നിലയിലുമാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്.
കോഴിക്കോട് ജില്ലയിൽ മാത്രം 1600-ലധികം വനിതകൾക്ക് സുസ്ഥിരമായ ജോലിയും സ്ഥിര വരുമാനവും ഹോംഷോപ്പ് പദ്ധതി വഴി ഉറപ്പാക്കാൻ കഴിഞ്ഞു. കൈതക്കലിൽ പ്രവർത്തിച്ചുവരുന്ന 'സമത' പ്രൊഡക്ഷൻ യൂണിറ്റ് മഞ്ജുളയുടെ നേതൃത്വത്തിലാണ് പ്രവർത്തിച്ചുവരുന്നത്. മഞ്ജുളയെ കൂടാതെ അഞ്ചുവനിതകൾ കൂടി 'സമത'യിൽ ജോലി ചെയ്യുന്നുണ്ട്. ഒരു സാമൂഹ്യ പ്രവർത്തക കൂടിയായ മഞ്ജുള, ഷോപ്പ്സ് ആൻഡ് സെയിൽസ് എസ്റ്റാബ്ലിഷ്മെൻറ് എംപ്ലോയീസ് യൂണിയൻ സിഐടിയുവിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പ്രസാദ് പി. കൈതക്കലിൻ്റെ ഭാര്യയാണ് മഞ്ജുള,സൈന എം പ്രസാദ്, ആമി പ്രേമജ് എന്നിവർ മക്കളാണ്.
അഖിലകേരള കലാസാഹിത്യ സാംസ്കാരിക രംഗം (അക്ഷരം) പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരങ്ങളിലെ സാഹിത്യ പുരസ്കാര ജേതാവാണ് പ്രസാദ് കൈതക്കൽ. ഇദ്ദേഹം രചന നിർവ്വഹിച്ച 'പുത്തോലയും കരിയോലയും' എന്ന പുസ്തകമാണ് പുരസ്കാരത്തിന് അർഹമായത്.
എന്റർപ്രന്യൂർഷിപ്പ് ഡെവലപ്മെന്റ് മേഖലയിലും ബ്രാൻഡിങ്, അഡ്വെർടൈസ്‌മെന്റ് എന്നീ മേഖലകളിലും പ്രവർത്തിച്ചുവരുന്ന സംഘടനയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്ഫോമ ഇന്ത്യ. കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ച് നടന്ന ബിസിനസ് സമ്മിറ്റിൽ വച്ച് അവാർഡുകൾ വിതരണം ചെയ്തു.