കനത്ത മഴയിൽ കുറ്റ്യാടി ടൗൺ വെള്ളത്തിലായി
അഴുക്കുചാൽ നിർമാണത്തിനായി തയാറാക്കിയ കുഴിയിൽ വെള്ളം നിറഞ്ഞതോടെ അപകട സാധ്യത വർദ്ധിച്ചു

കുറ്റ്യാടി: കനത്തമഴയിൽ കുറ്റ്യാടി ടൗണിൽ വെള്ളംകയറി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെയും തൊട്ടിൽപ്പാലം റോഡിലെയും ഇരുപതിലേറെ കടകളിൽ വെള്ളംകയറി. വ്യാപാരികൾക്കു വൻതോതിലുള്ള നഷ്ടം കണക്കാക്കുന്നു. കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി പരിസരവും തൊട്ടിൽപ്പാലം റോഡും വെള്ളത്തിലായതോടെ ഗതാഗതം താറുമാറായി.
കെ. പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എയുടെ വീട്ടിലേക്കുള്ള വഴിയും വെള്ളം പൊങ്ങി തടസ്സപ്പെട്ടു. ടൗണിലെ അഴുക്കുചാൽ നിർമാണം പാതിവഴിയിലായതോടെ വെള്ളക്കെട്ട് രൂക്ഷമായി. തോട്ടിൽപാലം റോഡിൽ അഴുക്കുചാൽ നിർമാണത്തിനായി കുഴിച്ച കുഴിയിൽ വെള്ളം നിറഞ്ഞതോടെ അപകടവും പതിവായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വിദ്യാർഥിനി ഉൾപ്പെടെ രണ്ടുപേരാണ് വെള്ളം നിറഞ്ഞ കുഴിയിൽ അകപ്പെട്ടത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അപായ സൂചനയായി നാട്ടുകാർ ഇവിടെ കയർ സ്ഥാപിച്ചിട്ടുണ്ട്.