ഖാൻ കാവിൽ അനുസ്മരണം ജൂൺ അഞ്ചിന്
കാവിൽ കട്ടയാട്ട് വീട്ടുമുറ്റത്താണ് പരിപാടികൾ

നടുവണ്ണൂർ: പ്രശസ്ത ആകാശവാണി കലാകാരൻ ഖാൻ കാവിലിന്റെ ഇരുപത്തഞ്ചാം ചരമ വാർഷികം വിവിധ പരിപാടിളോടെ ആചരിക്കും. 'ശുഭരാത്രി ആശംസകളോടെ ; ഖാൻ' എന്ന പേരിൽ അദ്ദേഹത്തിന്റെ കാവിൽ ഗ്രാമത്തിലുള്ള കട്ടയാട്ട് വീട്ടുമുറ്റത്താണ് ജൂൺ 5 ന് പരിപാടി സംഘടിപ്പിക്കുന്നത്.
ഖാൻ കാവിൽ ഗ്രന്ഥാലയം, കാസ്ക കാവിൽ, ഖാൻ സുഹൃത് സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വൈകുന്നേരം 3 മണിക്ക് ഖാൻ കാവിലിന്റെ സ്നേഹിതരും നാട്ടുകാരും ഒത്തുചേരുന്ന സ്നേഹ സംഗമം നടക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. ഖാൻ കാവിലിന്റെ റേഡിയോ നാടകങ്ങളും നാടക രംഗങ്ങങ്ങളുടെ
ദൃശ്യാവിഷ്കാരവും അവതരിപ്പിക്കും. പ്രദേശത്തെ മികച്ച റേഡിയോ ശ്രോതാവിനെ അനുമോദിക്കും. കലാ സാംസ്കാരിക നായകന്മാർ പങ്കെടുക്കും.
സംഘാടക സമിതി രൂപീകരണ യോഗത്തിൽ പി. കെ. നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഒ. എം. ഗോപിനാഥൻ (ചെയർമാൻ), സി. കെ. ബാലകൃഷ്ണൻ മാസ്റ്റർ (ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. സി. കെ. രാജൻ മാസ്റ്റർ, എം. സി. കരുണൻ, സി. കെ. രാധാകൃഷ്ണൻ, ശശി മാസ്റ്റർ, ടി. കെ. ശങ്കരൻ, ഒ.മനോജ് മാസ്റ്റർ, കെ. അശോകൻ, പി. വി. രാജൻ തുടങ്ങിയവർ സംസാരിച്ചു.