വടകര ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ നിയമിക്കണം - കെ. കെ. രമ എംഎൽഎ
ജില്ലാ ആശുപത്രിയായി ഉയർത്തിയെങ്കിലും ആവശ്യമായ സൗകര്യങ്ങൾ ഇനിയും തയാറായിട്ടില്ല

വടകര : വടകര ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള സ്റ്റാഫ് അംഗങ്ങളെ നിയമിക്കണമെന്ന് കെ കെ രമ എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് എംഎൽഎ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിനെ വീണ്ടും സന്ദർശിച്ചു.
ജില്ലാ ആശുപത്രിയായി വടകര താലൂക്ക് ആശുപത്രി ഉയർത്തിയെങ്കിലും താലൂക്ക് ആശുപത്രിയുടെ സൗകര്യം പോലുമില്ലാതെയാണ് ആശുപത്രി ഇപ്പോഴും പ്രവർത്തിക്കുന്നത്. വിവിധ വകുപ്പുകളും പോസ്റ്റ്മോർട്ടം അടക്കമുള്ള കാര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സൗകര്യങ്ങൾ ഒന്നുംതന്നെ ഏർപ്പെടുത്തിയിട്ടില്ലെന്നും എംഎൽഎ ആരോഗ്യ മന്ത്രിയെ അറിയിച്ചു. ഓർത്തോ വിഭാഗത്തിൽ നാല് ഡോക്ടർമാരുടെ ഒഴിവിൽ രണ്ടുപേരുടെ സേവനം മാത്രമേ നിലവിൽ ലഭ്യമാകുന്നുള്ളൂ.
മരണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും പോസ്റ്റ് മോർട്ടം നടത്തുന്നതിനായി ഫോറൻസിക് സർജൻ തസ്തിക സൃഷ്ടിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കഴിഞ്ഞ ഒക്ടോബർ 10ന് എംഎൽഎ ആരോഗ്യമന്ത്രിയെ കണ്ടിരുന്നു. എന്നാൽ ഇതുവരെയും അതിനുള്ള നീക്കം നടന്നിട്ടില്ല എന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. യൂറോളജി, നെഫ്രോളജി തുടങ്ങിയ വകുപ്പുകൾ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്.