കുറ്റ്യാടി പുഴയോരം മാലിന്യ കൂമ്പാരമാകുന്നു
മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
പേരാമ്പ്ര: കുറ്റ്യാടിപ്പുഴയുടെ തീരത്ത് വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ കുന്നശ്ശേരി ഭാഗത്തെ പുഴയോരത്താണ് വൻ തോതിൽ മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക്കും അവശിഷ്ടങ്ങളും ഉൾപ്പെടെ മാലിന്യ കൂമ്പാരം ദിനംപ്രതി ഉയരുകയാണ്. വാഴയിൽ കടവത്ത് താഴെ ഭാഗത്ത് ചാക്കുകളിലായാണ് മാലിന്യം തള്ളുന്നത്.
പാറക്കെട്ടുകൾ മനോഹരമാക്കുന്ന കുറ്റ്യാടി പുഴ സഞ്ചാരികളെ കുറച്ചൊന്നുമല്ല ആകർഷിക്കുന്നത്. പുഴയുടെ വശ്യമായ സൗന്ദര്യമാസ്വദിക്കാൻ നിരവധിയാളുകളാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. ഒട്ടേറെപ്പേർ ഇവിടെ നീന്തിക്കുളിക്കാനെത്തുന്നതും പതിവാണ്. ഇങ്ങനെയെത്തുന്നവരും ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതായാണ് നാട്ടുകാർ പറയുന്നത്.
പുഴയോരം മലിനമാക്കുന്നതിനെതിരേ നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി മാലിന്യം നിക്ഷേപിക്കരുതെന്ന് അറിയിച്ച് ബോർഡുകൾ സ്ഥാപിക്കുകയും അധികൃതർക്ക് പരാതി നൽകുകയും ചെയ്തു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശനനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.