ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിൽ ഇടം നേടി നാലുവയസ്സുകാരൻ അലൻ ഐമൻ
കാരുണ്യതീരത്തെ ജീവനക്കാരാണ് കുഞ്ഞ് അലൻ്റെ കഴിവ് തിരിച്ചറിഞ്ഞത്
താമരശ്ശേരി: അസാമന്യ കഴിവുകൾ പ്രകടിപ്പിച്ച് കാരുണ്യതീരം വിദ്യാർത്ഥി അലൻ ഐമൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. 4 വയസ്സ് മാത്രം പ്രായമുള്ള അലൻ 75% ഭിന്നശേഷിക്കാരനാണ് (സെറിബ്രൽ പാൾസി). പരിമിതികളെല്ലാം അതിജീവിച്ചാണ് അലൻ ഈ നേട്ടം കൈവരിച്ചത്.
28 രാജ്യങ്ങൾ, അതിന്റെ തലസ്ഥാനങ്ങൾ, 26 സംസ്ഥാനങ്ങൾ, അതിന്റെ തലസ്ഥാനങ്ങൾ, 46 ലോക നേതാക്കൾ, 40 പഴവർഗങ്ങൾ, 30 പച്ചക്കറികൾ, 25 വാഹനങ്ങൾ, 11 നിറങ്ങൾ, 15 കടൽ ജീവികൾ, 31 മൃഗങ്ങൾ, 33 പക്ഷികൾ എന്നിവ തിരിച്ചറിഞ്ഞാണ് കുഞ്ഞ് അലൻ നാടിന് അഭിമാനമായത്.
കാരുണ്യതീരം കൈത്തിരി യൂണിറ്റിലെയും, ഏർലി ഇന്റെർവെൻഷൻ സെന്ററിലെയും വിദ്യാർത്ഥിയായ അലന്റെ കഴിവുകൾ കൈത്തിരി ഡോക്ടർ സഫ്ന സിനു, തെറാപ്പിസ്റ്റ്മാരായ അൻഷിദ ബക്കർ, അസ്മിന, ജിഷ്ണു, ഫാസിൽ, അർഷിയ, റിൻസി എന്നിവരാണ് തിരിച്ചറിഞ്ഞത്. തുടർന്ന് നിരന്തര പ്രോത്സാഹനം നൽകുകയും കുട്ടിയുടെ അസമാന്യ കഴിവിനെ കുറിച്ച് കാരുണ്യതീരം ഭാരവാഹികളെ ധരിപ്പിക്കുകയും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന് വേണ്ട രേഖകൾ സമർപ്പിക്കുകയുമായിരുന്നു.
താമരശ്ശേരി സ്വദേശികളായ ജെസ്ന- ജാബിർ ദമ്പതികളുടെ മകനാണ് അലൻ ഐമൻ. അലൈന എമിൻ ഇരട്ട സഹോദരിയും, ജസാ ജാബിർ മൂത്ത സഹോദരിയുമാണ്.