headerlogo
local

ധീര ദേശാഭിമാനികൾ അലിഞ്ഞു ചേർന്ന മണ്ണിൽ പലോറ ഹയർ സെക്കൻഡറി സ്കൂളിൻ്റെ ശ്രദ്ധാഞ്ജലി

അമൃതോത്സവത്തിൻ്റെ ഭാഗമായി സ്കൂളിൽ സ്മൃതി മൺചിത്രമൊരുക്കി

 ധീര ദേശാഭിമാനികൾ അലിഞ്ഞു ചേർന്ന മണ്ണിൽ പലോറ ഹയർ സെക്കൻഡറി സ്കൂളിൻ്റെ ശ്രദ്ധാഞ്ജലി
avatar image

NDR News

16 Dec 2021 08:20 PM

ഉള്ളിയേരി : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വർഷം ഭാരതമൊട്ടുക്കും ആഘോഷിക്കപ്പെടുന്ന അമൃതോത്സവത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങളിൽ നടത്തപ്പെടുന്ന 'ബിഗ് ക്യാൻവാസ്' പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ തികച്ചും വ്യത്യസ്തമായി ആചരിച്ചു. 

      1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തോടനുബന്ധിച്ച് മഹാത്മജി ഉയർത്തിയ "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന സന്ദേശം ഭാരതമെങ്ങും അലയടിച്ചപ്പോൾ ഉള്ളിയേരിയിലെ ഏതാനും സ്വാതന്ത്ര്യ സമര സേനാനികൾ ഈ മുദ്രവാക്യത്തെ ഹൃദയം കൊണ്ട് ഏറ്റെടുത്തു. അക്കാലത്ത് തീവണ്ടി ഓടിക്കാൻ ആവശ്യമായ കൽക്കരി നിർമ്മിക്കാനായി വയനാട്ടിൽ നിന്നും നിലമ്പൂരിൽ നിന്നും ശേഖരിച്ച മരത്തടികൾ തമിഴ്നാട്ടിലെ പോത്തന്നൂരിലേക്ക് കൊയിലാണ്ടി വഴിയായിരുന്നു കൊണ്ടു പോയിരുന്നത്. കൊയിലാണ്ടി ദേശീയപാതയിലെ ഉള്ളിയേരി മാതാം തോടിന് കുറുകെയുള്ള മരപ്പാലം പ്രദേശിക തല ആസൂത്രണത്തിലൂടെ തകർക്കുകയായിരുന്നു ഇവർ ചെയ്തത്.

        കൃത്യമായും രഹസ്യമായും ആസൂത്രണം ചെയ്ത ഈ സംഭവത്തെ തുടർന്ന് ചാർജ് ചെയ്യപ്പെട്ട കേസ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഐതിഹാസകമായ ഒരു ഏടായി മാറുന്നത് ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യ കേസ് എന്ന നിലയിലാണ്. 

       1942 ആഗസ്റ്റ് 19 നായിരുന്നു ഈ സംഭവം. ഇതാണ് ചരിത്ര പ്രസിദ്ധമായ 'ഉള്ളിയേരി പാലം പൊളി കേസ്' എന്ന പേരിൽ അറിയപ്പെട്ടത്. ബ്രിട്ടീഷ് ഗവൺമെന്റിന് മാപ്പ് അപേക്ഷ കൊടുക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് കേസിൽ കുറ്റം ചാർത്തപ്പെട്ട എൻ. കെ. ദാമോദരൻ നായർ, കെ. ശങ്കരൻ നായർ, എം. മാധവൻ നമ്പ്യാർ, എം. നാരായണൻ നമ്പ്യാർ, എം. അപ്പുക്കുട്ടി നമ്പ്യാർ, കെ. അച്യുതൻ നായർ, കെ. എൻ. ഗോപാലൻ നായർ, വി. ടി. രാമൻ നായർ, കീഴാതകശ്ശേരി കൃഷ്ണൻ നായർ, എം. രാമൻ ഗുരുക്കൾ എന്നിവർ ദീർഘ കാലം ബല്ലാരി ജയിലിൽ ശിക്ഷ അനുഭവിക്കേണ്ടതായി വന്നു. 

       ഈ ധീര ദേശാഭിമാനികളുടെ ഭൗതികശരീരം അടക്കം ചെയ്തയിടത്തെ മണ്ണ് ശേഖരിച്ച്, അത് ഉപയോഗിച്ചാണ് പാലോറയിലെ കുട്ടി ചിത്രകാരൻമാർ വിദ്യാലയത്തിലെ ചിത്രകല അദ്ധ്യാപകനായ പി. സതീഷ് കുമാറിന്റെയും, സാമുഹ്യ ശാസ്ത്ര ക്ലബ് കോർഡിനേറ്റർ ദിവ്യ രാഗേഷിന്റെയും നേതൃത്വത്തിൽ വേറിട്ട രീതിയിൽ സ്വതന്ത്യ സമര സേനാനികൾക്ക് ശ്രദ്ധാജ്ഞാലിയായി സ്മൃതി മൺചിത്രമൊരുക്കിയത്. വിദ്യാലയ അമൃതോത്സവം സ്വാതന്ത്ര സമര സേനാനിയായിരുന്ന കെ. എൻ. ഗോപാലൻ നായരുടെ ഛായ പടത്തിന് മുൻപിൽ ദീപം തെളിയിച്ചു കൊണ്ട് ഭാര്യ ശാരദ അമ്മ നിർവഹിച്ചു. 

      75 ദിവസം നീണ്ടു നിൽക്കുന്ന പാദേശിക ചരിത്രപഠന പ്രവർത്തനമാണ് ഇതോടനുബന്ധിച്ച് വിദ്യാലയം ആസുത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി വിദ്യാലയാങ്കണത്തിൽ നടന്ന സ്മൃതിചിത്രം ബിഗ് കാൻവാസിനൊപ്പം പ്രദേശിക ചരിത്ര രചനയുടെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളോട് സ്കൂൾ ഹെഡ് മാസ്റ്റർ കെ. കെ. സത്യേന്ദ്രൻ, എം. സഫിയ, അഷിൻ സുധി, നിവേദ് എൽ. എന്നിവർ സംസാരിച്ചു.

NDR News
16 Dec 2021 08:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents