വിവാഹദിനത്തിൽ ഭവന നിർമ്മാണത്തിന് ധനസഹായം നൽകി മാതൃകയായി അധ്യാപകൻ
വാല്യക്കോട് എ. യു. പി. സ്കൂൾ അധ്യാപകൻ ജുനൈസ് മുഹമ്മദാണ് മാതൃകയായത്

പേരാമ്പ്ര: വിവാഹ ദിനത്തിൽ ഗൃഹ നിർമ്മാണത്തിന് ധനസഹായം നൽകി അധ്യാപകൻ മാതൃകയായി. വാല്യക്കോട് എ യു പി സ്കൂൾ അധ്യാപകൻ നൊച്ചാട് ചെറുവറ്റ ജുനൈസ് മുഹമ്മദാണ് തൻ്റെ വിവാഹത്തോടനുബന്ധിച്ച് ദരിദ്ര കുടുംബത്തിന് സഹായ ഹസ്തവുമായി എത്തിയത്. അരിക്കുളം ഏക്കാട്ടൂർ കല്ലാത്തറ ബാബുവിൻ്റെ ഭവന നിർമാണത്തിലേക്കുള്ള ഫണ്ട് നൽകിയാണ് അധ്യാപകൻ മാതൃകയായത്.
ഭവന നിർമ്മാണ കമ്മറ്റി ചെയർമാൻ ടി. മുത്തു കൃഷ്ണൻ ധനസഹായം ഏറ്റുവാങ്ങി. ഭവന നിർമ്മാണ കമ്മിറ്റി കോ ഓഡിനേറ്റർമാരായ ജലീൽ കുനിക്കാട്ട്, സാജിദ് അഹമ്മദ്, ശുഹൈബ് എം. പി, യദുകൃഷ്ണൻ എന്നിവർ സന്നിഹിതരായി.
വിവാഹദിനത്തിൽ ഫണ്ട് നൽകാമെന്ന് ജുനൈസ് കമ്മറ്റിയെ നേരിട്ട് അറിയിക്കുകയായിരുന്നു. കെ. വി. അബ്ദുൽ മജിദിൻ്റെയും കുറ്റീക്കണ്ടി റംലയുടെയും മകനാണ് ജുനൈസ് മുഹമ്മദ്.