കേരാഫെഡിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാതെ കൃഷി വകുപ്പ് നടത്തുന്ന ഇടപെടലുകളാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ചെയർമാൻ
കേരാഫെഡ് അനിശ്ചിതകാല പണിമുടക്ക് ഇരുപത്തി അഞ്ചാം ദിവസത്തിലേക്ക്

കോഴിക്കോട്: സഹകരണ സംഘത്തിൻ്റെ നിയമാനുസരണം പ്രവർത്തിച്ചു വരുന്ന കേരാഫെഡിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാതെ കൃഷി വകുപ്പ് നടത്തുന്ന ഇടപെടലുകളാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് കേരാഫെഡ് ചെയർമാൻ ജെ. വേണുഗോപാലൻ നായർ.
പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ ഒക്ടോബർ നാലിന് ആരംഭിച്ച അനിശ്ചിത കാല സമരം ഇരുപത്തി അഞ്ച് ദിവസം പിന്നിട്ടിരിക്കുകയാണ്.
മാസം 1100 ടൺ വെളിച്ചെണ്ണയാണ് കേരാ ബ്രാൻഡിൽ വിൽക്കുന്നത്. ദിവസേന ഒരു കോടിയോളം രൂപയുടെ വിറ്റുവരവ് ഇതിൽ നിന്നു മാത്രം ലഭിക്കുന്നുണ്ട്. ഈ ഇനത്തിൽ അഞ്ച് ലക്ഷത്തോളം രൂപയാണ് ജി.എസ്.ടി.
ശമ്പള പരിഷ്കരണത്തിനുള്ള അധിക ബാധ്യതയായ ഒന്നരക്കോടി രൂപ കഴിഞ്ഞ വർഷത്തെ കണക്കിൽ നീക്കി വെച്ചതിന് ശേഷവും 2020-21 വർഷത്തിൽ 12 കോടി ലാഭത്തിലാണ് കേരാഫെഡ് പ്രവർത്തിക്കുന്നത്. പണമുണ്ടായിട്ടും ആനുകൂല്യം നിഷേധിക്കുന്നതിന് പിന്നിൽ നിഷിപ്ത താൽപര്യമാണെന്നും സമര സമിതി ആരോപിക്കുന്നു.
ശമ്പള കമ്മിഷൻ പ്രകാരമുള്ള വർധന നടപ്പാക്കാൻ സെക്രട്ടറിയറ്റിൽ നിന്നും ഡെപ്യൂട്ടേഷനിൽ വന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തടസ്സം നിൽക്കുന്നുവെന്നാണ് ജീവനക്കാരുടെ പരാതി.