കോഴിക്കോട് ഉൾപ്പെടെ എട്ട് ജില്ലകളിൽ താപനില ഉയരും; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 4 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്.
പകൽ ചൂടിനൊപ്പം തന്നെ രാത്രി താപനിലയും ഉയരുകയാണ്. പലയിടങ്ങളിലും രാത്രി താപനില നിലവിൽ 28°c നും 30°c ഇടയിലാണ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
കേരളതീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.