കേരളത്തിൽ മയക്കുമരുന്നെത്തുന്നത് ചെന്നെയിൽ നിന്നെന്ന് റിപ്പോർട്ട്
ലിസ്റ്റിൽ മെത്ക്വിലോണും എം.ഡി.എം.എയും കൊക്കെയ്നും
ചെന്നൈ: കേരളത്തിലേക്ക് വലിയതോതില്‍ മയക്കുമരുന്ന് എത്തുന്നത് ചെന്നൈയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ പോയവര്‍ഷം നടന്ന വന്‍ രാസ മയക്കുമരുന്ന് വേട്ടകളില്‍ പലതിലുമുള്ള ചെന്നൈ ബന്ധം ഇതിനകം വെളിപ്പെട്ടിട്ടുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം.
കൊറിയര്‍ സര്‍വീസുകളിലൂടെയും സ്വകാര്യ ബസിലൂടെയുമാണ് പലപ്പോഴും മയക്കുമരുന്ന് കേരളത്തിലേക്ക് ഒഴുകുന്നത്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചും ഇത്തരം സംവിധാനങ്ങളിലൂടെ മയക്കുമരുന്ന് കടത്തുന്നുണ്ട്. ആയിരക്കണക്കിന് പാഴ്‌സലുകളാണ് പരിശോധനകളൊന്നുമില്ലാതെ അതിര്‍ത്തി കടക്കുന്നത്.
രണ്ട് ദിവസം മുമ്പ് ചെന്നൈ വിമാനത്താവളത്തില്‍ അഞ്ചരക്കോടിയുടെ മെത്ക്വിലോണ്‍ എന്ന മയക്കുമരുന്ന് ഉഗാണ്ടയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്ന് പിടികൂടിയിരുന്നു. അംഗോളയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 12 കിലോ കൊക്കെയ്നാണ് പിടികൂടിയത്. കേരളത്തിലെ അങ്കമാലിയില്‍ നിന്ന് പിടികൂടിയ രണ്ട് കിലോഗ്രാം മയക്കുമരുന്നും, കാക്കനാട് നിന്ന് പിടികൂടിയ 1.2 കിലോഗ്രാം എംഡിഎംഎയുടെയും ഉറവിടം ചെന്നൈയാണെന്നും റിപ്പോര്‍ട്ടുണ്ട്.