അഹിംസയിലൂന്നിയ സത്യാഗ്രഹം പടവാളാക്കിയ നേതാവ്; ഗാന്ധിയൻ സ്മരണകൾക്ക് 153 ആണ്ട്
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് കുടിയിരിക്കുന്നതെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ലോകനേതാവ്

കോഴിക്കോട്: ഗാന്ധിയൻ സമര പാതകളുടെ സ്മരണയുണർത്തി മറ്റൊരു ഗാന്ധി ജയന്തികൂടെ കടന്നു വരുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം പടവാളാക്കി ബ്രിട്ടീഷ് ഏകാധിപത്യത്തിൻ്റെ ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകൾക്ക് മുന്നിൽ വിരിമാറു കാട്ടിയ മഹത് വ്യക്തിത്വത്തിൻ്റെ പിറവിക്ക് ഇന്നേക്ക് 153 ആണ്ടുകൾ തികയുന്നു.
1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്ധറിൽ കരം ചന്ദ് ഗാന്ധിയുടെയും പുതലീഭായുടെയും മകനായി ജനിച്ച മോഹൻ ദാസ് കരം ചന്ദ് ഗാന്ധിയാണ് പിന്നീട് ലോകം കണ്ട ഏറ്റവും ശക്തനായ നേതാവായി മാറിയത്. സത്യവും അഹിംസയും ജീവിത വ്രതമാക്കിയ ഗാന്ധിജി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സന്ധിയില്ലാ പോരാട്ടം നടത്തിയതിനൊപ്പം ഭാരതത്തിൻ്റെ അഖണ്ഡതയും മതേതരത്വവും മുറുകെ പിടിച്ചു.
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് കുടിയിരിക്കുന്നതെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ഗാന്ധിജി രാജ്യത്തെ അവസാനത്തെ പൗരന്റെ കണ്ണീരും തുടയ്ക്കുന്നതാകണം ഓരോ പദ്ധതിയും ലക്ഷ്യമിടേണ്ടതെന്ന് ഓർമിപ്പിച്ചു. മതത്തിനും ജാതിക്കും വേണ്ടി കൊല്ലാൻ മടിയില്ലാത്ത ഇന്നത്തെ സമൂഹത്തിന് സ്വജീവിതം സന്ദേശമാക്കിയ മഹാനാണ് ഗാന്ധിജി. ഗാന്ധിജിയോടുള്ള ആദരസൂചകമായാണ് 2007 മുതൽ ഐക്യരാഷ്ട്രസഭ ഒക്ടോബർ രണ്ട് അഹിംസാ ദിനമായി ആചരിക്കുന്നത്.