സ്വകാര്യ ബസുകൾ കുതിക്കുന്നു; അപകട മരണങ്ങളും
അമിതവേഗത്തിനിടയാക്കുന്നത് ബസ്സുകളുടെ മത്സര ഓട്ടമാണ്

കോഴിക്കോട് : കഴിഞ്ഞ നാല് വർഷത്തിനിടെ 466 സ്വകാര്യ ബസ് അപകടങ്ങളാണ് ജില്ലയിലുണ്ടായത്. ബസ്സുകളുടെ മരണപ്പാച്ചിലിൽ നാല് വർഷത്തിനിടെ ജില്ലയിൽ പൊലിഞ്ഞത് 52 ജീവനും. 395 പേർക്ക് പരിക്കേറ്റു. 2019-ൽ 193 അപകടങ്ങളിൽ 27 പേർക്ക് ജീവൻ നഷ്ടമായി. 165 പേർക്ക് പരിക്കേറ്റു. 2020 തുടക്കത്തിനുശേഷം കോവിഡ് പ്രതിസന്ധിയിൽ പൊതുഗതാഗതം നിലച്ച അവസ്ഥയുണ്ടായിട്ടും 54 അപകടങ്ങളുണ്ടായി. ആറ് പേർ മരിച്ചു. 45 ആളുകൾക്ക് പരിക്കേറ്റു.സമയക്രമം പാലിക്കാനും കൂടുതൽ യാത്രക്കാരെ കയറ്റാനുമുള്ള മത്സരമാണ് ഇത്രയധികം അപകടങ്ങളുണ്ടാക്കിയത്.
2021-ൽ 112 അപകടങ്ങളാണു ണ്ടായത്. 10 മരണം. 90 പേർക്ക് പരിക്കുപറ്റി. 2022 ജൂലൈ വരെ 107 അപകടങ്ങളാണ് സംഭവിച്ചത്. ഒമ്പത് പേർക്ക് ജീവൻ നഷ്ടമായി. 95 പേർക്ക് പരിക്കേറ്റു. കോവിഡ് വിലക്കിനു ശേഷം റോഡിൽ വാഹനങ്ങൾ വർധിച്ചതോടെ അപകടങ്ങളും കൂടിയിട്ടുണ്ട്. എന്നാൽ 2022 ലെ റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് റോഡപകടങ്ങളിൽ കുറവ് കൈവരിച്ച പ്രധാന സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെട്ടിട്ടുണ്ട്. ഇത് വർഷങ്ങൾക്കുമുമ്പുള്ള അവസ്ഥ അപേക്ഷിച്ച് ആശ്വാസകരമാണ്. 2019 ലെ വാർഷിക റോഡ് അപകട റിപ്പോർട്ടിൽ അപകടങ്ങൾക്ക് കാരണം അമിതവേഗവും റോഡുകളുടെ തകരാറുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അമിതവേഗത്തിനിടയാക്കുന്നത് ബസ്സുകളുടെ മത്സര ഓട്ടമാണ്. ഇത്തരം ‘മത്സര’ങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ജില്ലയിലെ പ്രധാന അപകട സാധ്യതാ മേഖലകൾ കണ്ടെത്തി സിഗ്നലുകൾ സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്. അപകട മേഖലകളിൽ പരിശോധന കർശനമാക്കാനുള്ള നിർദേശം നൽകിയതായി സിറ്റി പൊലീസ് കമീഷണറും പറഞ്ഞു.