വിദ്യാഭ്യാസ വകുപ്പിനെയും പോലീസിനെയും വെല്ലുവിളിച്ച് ചോദ്യപേപ്പർ ചോർത്തിയ പ്രതി
ചോദ്യ പേപ്പർ ചോർച്ച കേസിലെ ന്യായീകരണങ്ങളാണ് പുതിയ വീഡിയോയിലുള്ളത്

കോഴിക്കോട്: വീണ്ടും യൂട്യൂബ് വീഡിയോയുമായി ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസിലെ മുഖ്യപ്രതിയായ എം എസ് സൊല്യൂഷന്‍സ് സിഇഒമുഹമ്മദ് ഷുഹൈബ്. ചോദ്യ പേപ്പർ ചോർച്ച കേസിലെ ന്യായീകരണങ്ങളാണ് പുതിയ വീഡിയോയിലുള്ളത്. മറ്റുള്ളവർ ചെയ്ത തെറ്റിനാണ് തന്നെ പ്രതി ചേർത്തതെന്നും താൻ നിരപരാധിയാണെന്നും ആണ് ഇയാളുടെ വാദം. തന്‍റെ കാർ സുഹൃത്ത് ഓടിച്ച് അപകടം ഉണ്ടാക്കിയാൽ തന്നെയും പ്രതി ചേർക്കുമെന്ന പരിഹാസ രൂപയാണ് പോലീസിനെയും വിദ്യാഭ്യാസ വകുപ്പിനെയും ഇയാൾ വീഡിയോയിലൂടെ വെല്ലുവിളിക്കുന്നത്. യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. മൂന്നു മാസത്തോളമായി വീഡിയോ ഒന്നും ചെയ്യാതിരുന്ന ഇയാൾ ജാമ്യം കിട്ടിയതോടെ വിവാദ വീഡിയോയുമായി രംഗത്തെത്തി. ഇതേ വീഡിയോയിൽ അധ്യാപക സമൂഹത്തെ ആകമാനം പരിഹസിക്കാൻ ഇയാൾ ശ്രമിക്കുന്നുണ്ട്. അധ്യാപകർക്ക് തന്നോടുണ്ടായ ശത്രുതയും അസൂയയും ആണ് കേസിൽ കുടുങ്ങാൻ ഇടയായത് എന്നും വീഡിയോയിൽ സൂചിപ്പിക്കുന്നു.
എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയത് മലപ്പുറം മേൽമുറിയിലെ അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസറാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എം എസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്നായിരുന്നുൂ കണ്ടെത്തല്‍. അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം.