headerlogo
education

പൊലീസ് എഴുതിത്തള്ളിയ അധ്യാപകനെതിരെയുള്ള ഫോക്സോ കേസിൽ നിർണായക ഉത്തരവ്

പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ കോടതി പ്രതികളോട് കേസിൽ ഹാജരാകാന്‍ നോട്ടീസ് അയച്ചു

 പൊലീസ് എഴുതിത്തള്ളിയ അധ്യാപകനെതിരെയുള്ള ഫോക്സോ കേസിൽ  നിർണായക ഉത്തരവ്
avatar image

NDR News

06 Apr 2025 09:14 AM

കോഴിക്കോട്: രാഷ്ട്രീയ സ്വാധീനത്തെത്തുടര്‍ന്ന് പൊലീസ് എഴുതിത്തള്ളിയ പോക്സോ കേസ് നിലനില്‍ക്കുമെന്ന് കോഴിക്കോട് പോക്സോ കോടതിയുടെ നിര്‍ണായക ഉത്തരവ്. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയ കോടതി ഒന്നാം പ്രതിയായ അധ്യാപകനും രണ്ടാം പ്രതിയായ പ്രധാനാധ്യാപികയ്ക്കും മൂന്നാം പ്രതി എഇഒയ്ക്കും ഹാജരാകാന്‍ നോട്ടീസ് അയച്ചു. ഭരണാനുകൂല സംഘടനയില്‍പ്പെട്ട അധ്യാപകന് എതിരെയുള്ള പരാതി വലിയ സമ്മര്‍ദത്തെത്തുടര്‍ന്ന് പൊലീസ് ഇല്ലാതാക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടി സ്കൂള്‍ മാനേജര്‍ തന്നെയാണ് കോടതിയെ സമീപിച്ചത്.ഒരു എയ്ഡഡ് എല്‍പി സ്കൂളിലെ മുതിര്‍ന്ന അധ്യാപകന്‍ ഓഫീസ് മുറിയില്‍വെച്ച് വിദ്യാര്‍ത്ഥിനിയെ സ്പര്‍ശിച്ച് ലൈംഗികാതിക്രമം കാട്ടുന്ന സിസിടിവി ദൃശ്യങ്ങളടങ്ങിയ പരാതി സ്കൂളിലെ മാനേജര്‍ തന്നെയാണ് രണ്ട് വര്‍ഷം മുമ്പ് പ്രധാനാധ്യാപികയുടെയും പൊലീസിന്‍റെ ശ്രദ്ധയിലെത്തിച്ചത്. എന്നാല്‍, ദൃശ്യങ്ങള്‍ പരിഗണിക്കാതെ ഇരയ്ക്കും മാതാപിതാക്കള്‍ക്കും പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി റൂറല്‍ മേഖലയിലെ പൊലീസ് കേസെടുത്തില്ല.

      പിന്നീട് വിവിധയിടങ്ങളില്‍ മാനേജര്‍ നല്‍കിയ നിരന്തര പരാതികളെ തുടര്‍ന്നാണ് സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം അധ്യാപകനെ പ്രതിയാക്കി എഫ്ഐ ആറിടാൻ പൊലീസ് നിര്‍ബന്ധിതരായത്. എന്നാല്‍, പിതൃവാത്സല്യത്തോടെയുള്ള പെരുമാറ്റമാണ് അധ്യാപകന്‍ നടത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. പൊലീസിനും മജിസ്ട്രേറ്റിനും മുമ്പാകെ ഇരയും രക്ഷിതാക്കളും ആരോപണവിധേയന് അനുകൂല മൊഴി നല്‍കിയത് സമ്മര്‍ദം കൊണ്ടാണെന്നും പ്രധാനാധ്യാപിക ദൃശ്യങ്ങള്‍ കണ്ടിട്ട് പോലും കുറ്റകൃത്യം മൂടിവെച്ചെന്നും ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ എഇഒ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് ചെയ്തതെന്നും മാനേജര്‍ പറയുന്നു. പൊലീസ് നല്‍കിയ അന്തിമ റിപ്പോര്‍ട്ടിനെതിരെ പരാതിക്കാരന്‍ പോക്സോ കോടതിയെ സമീപിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും കോടതിയില്‍ സമര്‍പ്പിച്ചു. പൊലീസിന്‍റെ ഫൈനല്‍ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഒന്നാം പ്രതിയായ എല്‍പി സ്കൂള്‍ അധ്യാപകനെതിരെ പോക്സോ ആക്ട് ഏഴ് ,എട്ട് സെക്ഷനുകളും, രണ്ടാം പ്രതി പ്രധാനാധ്യാപിക, മൂന്നാം പ്രതി അന്നത്തെ എഇഒ എന്നിവര്‍ക്കെതിരെ പോക്സോ ആക്ട് സെക്ഷന്‍ 21 നില നില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. ഭരണാനുകൂല അധ്യാപക സംഘടനയില്‍ സ്വാധീനമുള്ള ആള്‍ക്കെതിരെ പരാതിയുമായി മുന്നോട്ടു പോയപ്പോള്‍ പിന്‍മാറാന്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ നേരിട്ടെന്ന് മാനേജര്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞും ഫോണ്‍ വന്നു. പോക്സോ അതിക്രമങ്ങളില്‍ ഇരയെ സ്വാധീനിച്ചും, രാഷ്ടീയസമ്മര്‍ദ്ദം കൊണ്ടും ഒത്തുതീര്‍പ്പാക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടെന്നും അത്തരത്തിലൊന്നാണ് ഇതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

 

NDR News
06 Apr 2025 09:14 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents