headerlogo
education

ഹൃദയത്തിൽ പാലോറ; വിദ്യാലയം നൽകിയ സ്നേഹ പിന്തുണയ്ക്ക് സ്നേഹ സമ്മാനവുമായി സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്

രാജ്യപുരസ്കാർ നേടിയ സന്തോഷം വിദ്യാലയത്തിന് പൂന്തോട്ടമൊരുക്കിക്കൊണ്ട്

 ഹൃദയത്തിൽ പാലോറ; വിദ്യാലയം നൽകിയ സ്നേഹ പിന്തുണയ്ക്ക് സ്നേഹ സമ്മാനവുമായി സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്
avatar image

NDR News

05 Apr 2025 07:50 PM

ഉള്ളിയേരി: വേറിട്ടതും ശ്രദ്ധേയവുമായ നിരവധി പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ പാലോറ ഹയർ സെക്കൻ്ററി സ്ക്കൂൾ ഇത്തവണത്തെ സംസ്ഥാനത്തെ സ്കൗട്ട് ഗൈഡ്സ് സാനിറ്റേഷൻ പ്രവർത്തനങ്ങൾക്ക് മികച്ച സംസ്ഥാന തല അംഗീകാരം നേടിയ വിദ്യാലയമാണ്. സ്കൗട്ട് ആൻ്റ് ഗൈഡ്സ് യൂണിറ്റിലെ മുഴുവൻ അംഗങ്ങളും സംസ്ഥാന തല അംഗീകാരമായ രാജ്യപുരസ്കാർ നേടിയ സന്തോഷത്തിൽ തങ്ങളുടെ പ്രിയ വിദ്യാലയത്തിന് ഓരോ അംഗവും ഒരു ചെടിച്ചട്ടി നൽകിക്കൊണ്ട് തങ്ങൾ വിദ്യാലയത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. 

      സ്കൗട്ട് ആൻ്റ് ഗൈഡ്സിന്റെ സ്ഥാപകനായ ബാഡൻ പവ്വലിൻ്റെ മഹത്തായ വാചകമായ 'നിങ്ങൾ കണ്ടതിനേക്കാൾ സുന്ദരമാക്കിയിട്ട് വേണം നിങ്ങൾ ഇവിടം വിട്ടു പോകാൻ' എന്ന് വാക്കുകൾ ഹൃദയത്തിലേക്ക് ഏറ്റെടുത്ത ഓരോ അംഗവും തങ്ങളുടെ പ്രിയപ്പെട്ട വിദ്യാലയം കൂടുതൽ സൗന്ദര്യാത്മകവും ഹരിതാഭമാക്കി മാറേണ്ടതിനെക്കുറിച്ച് ഉള്ള പ്രവർത്തനങ്ങൾ തങ്ങളുടെ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'പവിത്രം പാലോറ' ഏന്ന ഹരിത വിദ്യാലയ പ്രവർത്തനം മികവുറ്റ രീതിയിലാണിവർ കാഴ്ചവച്ചത്. 'പെൻ ബോട്ടിൽ' എന്ന പദ്ധതിയിലൂടെ ഉപയോഗ ശൂന്യമായ പേനകൾ ഡിസ്പോസിബിൾ ബോട്ടിലുകളിൽ നിറച്ച് സൂക്ഷിച്ചുകൊണ്ട് അവ ഹരിതസേന പ്രവർത്തകർക്ക് എളുപ്പത്തിൽ കൈമാറുന്ന രീതി വളരെ ലളിതമായി വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങൾക്ക് കരുത്തായിട്ടുണ്ട്. സംസ്ഥാനത്തെ മികച്ച കേഡറ്റുകളായി അംഗീകരിച്ച് സംസ്ഥാന ഗവർണ്ണർ ഒപ്പുവെച്ച സാക്ഷ്യപത്രം കൈപ്പറ്റിക്കൊണ്ട് സ്കൂൾ സകൗട്ട് യൂണിറ്റിനോട് വിടപറയുമ്പോഴും തങ്ങളുടെ വിദ്യാലയത്തെ എത്രത്തോളം അവർ സ്നേഹിക്കുന്നു എന്നതിന് പ്രത്യക്ഷ ഉദാഹരണമായിരുന്നു. 

      'എന്നും ഹൃദയത്തിൽ പാലോറയുണ്ട്' എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് അവർ ഓരോ അംഗവും നൽകിയ ചെടിച്ചട്ടികൾ. തങ്ങളുടെ പിൻഗാമികൾക്ക് മുന്നിൽ ഗ്രീൻ ചാലഞ്ച് വെച്ചുകൊണ്ടാണ് അവർ പടിയിറങ്ങുന്നത്. വിദ്യാലയത്തിൽ വരും വർഷം നടപ്പിലാക്കുന്ന ഹരിത പാലോറക്കുള്ള പിന്തുണ കുടിയായാണ് സ്നേഹ സമ്മാനത്തിലൂടെ ഓരോ അംഗങ്ങളും ലക്ഷമിടുന്നത്. പടിയിറങ്ങുന്ന വിദ്യാലയത്തിന്റെ ക്ലാസ് മുറികളും ഭൗതിക സാഹചര്യങ്ങളും തച്ചുടക്കുന്ന നിത്യ കാഴ്ചകൾക്കിടയിലാണ് തങ്ങൾ പഠിച്ച വിദ്യാലയത്തിലേക്ക് അവധിക്കാലമായിട്ട് പോലും വിദ്യാർഥികൾ വന്നെത്തി തങ്ങളുടെ ഈ സ്നേഹ സമ്മാനം നൽകുന്നത്.

      ചടങ്ങിൽ സ്കൗട്ട് അദ്ധ്യാപകൻ പി. സതീഷ് കുമാർ, ഗൈഡ് ക്യാപ്റ്റൻ രതീദേവി, പി.ടി.എ. പ്രസിഡൻ്റ് ഇ.എം. ബഷീർ എന്നിവർ സംസാരിച്ചു. കാഡറ്റുകളുടെ സ്നേഹോപഹാരം ട്രൂപ്പ് ലീഡർ ആദിത്യൻ പി.ആറിൽ നിന്നും ഹെഡ്മിസ്ട്രസ് ആർ.വി. സരിത സ്വീകരിച്ചു.

NDR News
05 Apr 2025 07:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents