ലഹരിക്കെതിരെ ആയിരം ഹസ്തമുദ്രയുമായി നടുവണ്ണൂർ ജി.എം.എൽ.പി. സ്കൂൾ ഇഫ്താർ സംഗമം
പി.ടി.എ. പ്രസിഡന്റ് വിനീഷ് കൊയക്കാട് ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ജി.എം.എൽ.പി. സ്കൂൾ ഇഫ്താർ സംഗമം ഒരേ സമയം സ്നേഹത്തിന്റെയും മത സൗഹാർദ്ദത്തിന്റെയും സന്ദേശവും അതോടൊപ്പം സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ താക്കീതു നൽകുന്ന വേദിയുമായി മാറി. സ്കൂളിന് മുന്നിൽ ഒരുക്കിയ 'ലഹരിക്കെതിരെ ആയിരം ഹസ്ത മുദ്ര' ക്യാൻവാസ് പി.ടി.എ. പ്രസിഡന്റ് വിനീഷ് കൊയക്കാട് ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന ഇഫ്താർ സംഗമത്തിൽ നടുവണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപകൻ സി. മുസ്തഫ ഇഫ്താർ സന്ദേശം നൽകി. ഹെഡ് മിസ്ട്രസ് സിന്ധു എം.കെ. അദ്ധ്യക്ഷത വഹിച്ചു. ശരണ്യ ബി.എസ്. ലഹരിക്കെതിരായുള്ള പ്രതിജ്ഞ ചൊല്ലി. എസ്.എം.സി. ചെയർമാൻ സുധീഷ്, ഷാഹുൽ ഹമീദ് നടുവണ്ണൂർ, ഷൈജു കെ., സ്റ്റാഫ് സെക്രട്ടറി കെ. മുബീർ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ നാനൂറിലധികം പേർ ഇഫ്താറിൽ പങ്കെടുത്തു. സ്കൂളിനു മുന്നിലൊരുക്കിയ ലഹരിക്കെതിരേ ആയിരം ഹസ്ത മുദ്ര ക്യാൻവാസിൽ രക്ഷിതാക്കളും കുട്ടികളും നാട്ടുകാരും മുദ്ര പതിപ്പിച്ചു.