പേരാമ്പ്ര സി.കെ.ജി.എം. ഗവ. കോളേജ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് മാർച്ച് 13ന് തുടക്കം
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും

പേരാമ്പ്ര: സി.കെ.ജി.എം. ഗവ. കോളേജിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് മാർച്ച് 13ന് തുടക്കമാകും. പകൽ 11 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ അദ്ധ്യക്ഷനാകും.
പേരാമ്പ്രയിലെ ജനങ്ങളുടെ ദീർഘകാലത്തെ ആഗ്രഹ സാക്ഷാത്കാരമായിരുന്ന സി.കെ.ജി.എം. ഗവ. കോളേജ് 1975ലാണ് സ്ഥാപിതമായത്. ഡോ. കെ.ജി. അടിയോടിയുടെ അദ്ധ്യക്ഷതയിൽ ചാക്കിരി അഹമ്മദ് കുട്ടിയുടെയും പ്രൊഫസർ സുകുമാർ അഴീക്കോടിന്റെയും സാന്നിധ്യത്തിൽ 1975 ആഗസ്ത് 11 ന് മുഖ്യമന്ത്രി കെ. കരുണാകരൻ കോളേജ് നാടിന് സമർപ്പിച്ചു. പേരാമ്പ്ര ഹൈസ്കൂൾ കെട്ടിടത്തിൻ്റെ ഒരു ഭാഗത്തായി നിർമിച്ച പ്രവർത്തനമാരംഭിച്ച കോളേജ് സ്വന്തം കെട്ടിടവുമായി സ്വതന്ത്രമായ ഒരു കോളേജായി വളരുവാൻ ഒരു വ്യാഴവട്ടകാലം വേണ്ടി വന്നു. 1987 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖരൻ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി ഇ.കെ. നായനാർ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ നാടിൻ്റെ വിദ്യാഭ്യാസ സങ്കൽപ്പങ്ങൾക്ക് പുത്തനുണർവായി.
ബികോം, ബി.എ. ഹിസ്റ്ററി, ബി.എ. ഇക്‌ണോമിക്‌സ്, ബി.എ. ഇംഗ്ലീഷ്, ബി.എസ്.സി. ഫിസിക്സ്, ബി.എസ്.സി മാത്തമാറ്റിക്സ്, ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് ആൻ്റ് ഡാറ്റാ സയൻസ് തുടങ്ങിയ ബിരുദ കോഴ്‌സുകളിലും, എം.കോം, എം.എസി.സി മാത്തമാറ്റിക്സ്, എം.എ. ഹിസ്റ്ററി തുടങ്ങിയ ബിരുദാനന്തര കോഴ്‌സുകളിലുമായി 1045 വിദ്യാർത്ഥികളും, മികച്ച വഴികാട്ടികളായി 43 അദ്ധ്യാപകരുമാണ് കലാലയത്തിൻ്റെ ഭാഗമായുള്ളത്.