headerlogo
education

കോഴിക്കോട് ജില്ലയിലെ അനധികൃത ട്യൂഷൻ സെന്ററുകൾ പൂട്ടും

പഞ്ചായത്ത് രാജ് ചട്ടമനുസരിച്ചു ട്യൂഷൻ കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യണം

 കോഴിക്കോട് ജില്ലയിലെ അനധികൃത ട്യൂഷൻ സെന്ററുകൾ പൂട്ടും
avatar image

NDR News

11 Mar 2025 10:20 PM

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾ പൂട്ടാൻ തീരുമാനം. ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. ടെറസിന് മുകളിൽ ആസ്ബസ്റ്റോസ് മേൽക്കൂര കെട്ടി അനുമതിയുമില്ലാതെ കുട്ടികളുടെ അവകാശങ്ങൾ ഹനിക്കുന്ന രീതിയിലാണ് പല ട്യൂഷൻ കേന്ദ്രങ്ങളുടെയും പ്രവർത്തനം. ഇത്തരം സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടണം. അല്ലാത്തപക്ഷം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിശോധന നടത്തി അനധികൃത സ്ഥാപനങ്ങളെ കണ്ടെത്തണം. ട്യൂഷൻ കേന്ദ്രങ്ങളിൽ ഡിജെ പാർട്ടി പോലെ വലിയ ആഘോഷ പരിപാടി നടത്തുകയാണെങ്കിൽ അക്കാര്യം അതത് പൊലീസ് സ്റ്റേഷനിലോ ഗ്രാമ പഞ്ചായത്തിലോ അറിയിക്കണം. പിറകിലായ അക്കാദമിക വിഷയങ്ങളിൽ പിന്തുണ നൽകുന്നതിന് പകരം സ്കൂളിന് പുറത്ത് സമാന്തര സ്കൂൾ പോലെയാണ് പല ട്യൂഷൻ സെൻററുകളും പ്രവർത്തിക്കുന്നത്. സ്കൂളിലുള്ള വിധത്തിൽ കലോത്സവവും കായികമേളയും ബിജെപിയും സെൻറ്ഓഫും നടത്തുന്ന ട്യൂഷൻ സംഘടനകൾ ഏതുവിധേനയും കുട്ടികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് രാജ് ചട്ടമനുസരിച്ചു ട്യൂഷൻ കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യണം. എന്നാൽ ജില്ലയിൽ പല ട്യൂഷൻ കേന്ദ്രങ്ങളും രജിസ്ട്രേഷൻ ഇല്ലാതെ അനധികൃതമായാണ് പ്രവർത്തിക്കുന്നത്. ഇവിടെ കുട്ടികൾക്ക് ആവശ്യമായ മൂത്രപ്പുരയോ ഫാനോ മറ്റു സൗകര്യങ്ങളോ ലഭ്യമല്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടികാട്ടി.സ്കൂളിലെ ബാധകമായ സുരക്ഷാ നിയമങ്ങൾ ഒന്നും ട്യൂഷൻ സെൻററിൽ ബാധകമല്ല. ജില്ലാ കളക്ടറുടെ ചേംബറിൽ ചൊവ്വാഴ്ച ചേർന്ന യോഗം വാർഡ് തല ശിശു സംരക്ഷണ കമ്മിറ്റികൾ സജീവമാക്കാനും നിർദ്ദേശം നൽകി. വാർഡുതല സമിതികൾ യോഗം ചേർന്നു കുട്ടികളുടെ വൾനറബിലിറ്റി മാപ്പിങ് നടത്തണം. ഇതിനുപുറമേ സ്കൂൾ ജാഗ്രത സമിതികൾ യോഗം വിളിച്ച് കുട്ടികൾ ഉൾപ്പെടുന്ന ലഹരി, അക്രമ വിഷയങ്ങൾ ചർച്ച ചെയ്യണം. കുട്ടികൾ നേരിടുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ 1098 എന്ന ചൈൽഡ് ലൈൻ നമ്പർ വഴി അധികൃതരെ അറിയിക്കാം. ഇതിനായി 1098 എന്ന ചൈൽഡ്ലൈൻ നമ്പറും ഏതൊക്കെ വിഷയങ്ങളിൽ ചൈൽഡ്ലൈനിൽ വിളിക്കാമെന്നും അറിയിച്ചുള്ള വലിയ ബോർഡ് ജില്ലയിലെ എല്ലാ സർക്കാർ, എയിഡഡ്, അൺ എയിഡഡ്, സ്വകാര്യ സ്കൂളുകളിലും അംഗീകൃത ട്യൂഷൻ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കണം.

     ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസർ കെ ഷൈനി, ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ പി അബ്ദുൾനാസർ, വനിത ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ സബീന ബീഗം, ഡിഡിഇ സി മനോജ് കുമാർ, ആർസിഎച് ഓഫീസർ ഡോ. സച്ചിൻ ബാബു, ഡയറ്റ് പ്രിൻസിപ്പൽ അബ്ദുൽ നാസർ യു കെ, എസ്എസ്കെ ജില്ലാ കോർഡിനേറ്റർ എ കെ അബ്ദുൽ ഹക്കീം, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, ഡിവൈഎസ്പി കെ സുഷീർ, സ്പോർട്സ് കൗൺസിലിനെ പ്രതിനിധീകരിച്ച് വിനീഷ് കുമാർ കെ പി, എക്സൈസ് തദ്ദേശ സ്വയംഭരണ, തൊഴിൽ വകുപ്പ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

 

NDR News
11 Mar 2025 10:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents