headerlogo
education

വേയപ്പാറ ഇക്കോ ടൂറിസം കേന്ദ്രമാക്കുക; നാടിൻ്റെ ടൂറിസം സാധ്യതയ്ക്ക് കുട്ടികൾ നിവേദനമെഴുതുന്നു

വേയപ്പാറയിലേക്ക് നടത്തിയ സന്ദേശയാത്ര സ്കൂൾ മാനേജർ കെ. സദാനന്ദൻ ഫ്ലാഗ്ഓഫ് ചെയ്തു

 വേയപ്പാറ ഇക്കോ ടൂറിസം കേന്ദ്രമാക്കുക; നാടിൻ്റെ ടൂറിസം സാധ്യതയ്ക്ക് കുട്ടികൾ നിവേദനമെഴുതുന്നു
avatar image

NDR News

21 Dec 2024 03:59 PM

നടുവണ്ണൂർ: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ വേയപ്പാറമല ഇക്കോ ടൂറിസം കേന്ദ്രമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോട്ടൂർ എ.യു.പി. സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങൾ നിവേദനം തയ്യാറാക്കുന്നു. ഇതിൻ്റെ ഭാഗമായി നൂറോളം വിദ്യാർത്ഥികൾ വേയപ്പാറയിലേക്ക് നടത്തിയ സന്ദേശയാത്ര സ്കൂൾ മാനേജർ കെ. സദാനന്ദൻ ഫ്ലാഗ്ഓഫ് ചെയ്തു. 

      പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലായി സ്ഥിതി ചെയ്യുന്ന വേയപ്പാറമലയുടെ പ്രാധാന്യം, പ്രകൃതി ഭംഗി, നാടിൻ്റെ ടൂറിസം സാധ്യത എന്നിവ അധികൃതരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിലേക്ക് എത്തിക്കുക എന്നതാണ് സന്ദേശ യാത്രയുടെ ലക്ഷ്യം. സ്കൂളിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പിൻ്റെ ഭാഗമായാണ് സന്ദേശ യാത്ര നടത്തിയത്. "നമ്മുടെ മണ്ണ് എത്ര സുന്ദരം" -"വേയപ്പാറ ഇക്കോ ടൂറിസം കേന്ദ്രമാക്കുക " എന്നെഴുതിയ ശുഭ്രപതാക വിദ്യാരംഗം കലാസാഹിത്യ വേദി ഉപജില്ലാ കൺവീനർ വി.എം. അഷറഫ് പ്രധാനാദ്ധ്യാപിക ആർ. ശ്രീജ, സ്കൂൾ കോഡിനേറ്റർ ജിതേഷ് എസ്. എന്നിവർ ചേർന്ന് വേയപ്പാറക്ക് മുകളിൽ സ്ഥാപിച്ചു. 

      ഇവിടെ നിന്ന് നോക്കിയാൽ കൊയിലാണ്ടി ബീച്ച്, തിക്കോടി ലൈറ്റ് ഹൗസ്, കക്കയം, വയനാടൻ മലനിരകൾ തുടങ്ങി നിരവധി കാഴ്ചകൾ കാണാൻ സാധിക്കും. വേയപ്പാറയുടെ നാല് വശങ്ങളിലും വ്യൂ പോയിന്റുകൾ സ്ഥാപിക്കുക, വിദൂര ദൃശ്യങ്ങൾ കൂടുതൽ ആകർഷകമാക്കാൻ വാച്ച്ടവർ സ്ഥാപിക്കുക, സഞ്ചാരികൾക്ക് സുരക്ഷിത നടപ്പാത ഒരുക്കുക, ഗ്ലാസ് ബ്രിഡ്ജ്, ഏറുമാടം, സാഹസികത ആഗ്രഹിക്കുന്നവർക്കായി ആധുനിക സംവിധാനങ്ങൾ സ്ഥാപിക്കുക തുടങ്ങിയവയാണ് കുട്ടികൾ യാത്രയിൽ കണ്ടെത്തിയ കാര്യങ്ങൾ. 

      ഇവയെല്ലാം ചേർത്ത് വിദ്യാർത്ഥികൾ തയ്യാറാക്കുന്ന നിവേദനം ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ എം.എൽ.എ., എം.പി., ജില്ലാ കലക്ടർ, ടൂറിസം വകുപ്പ് മന്ത്രി, എന്നിവർക്ക് സമർപ്പിക്കും. സ്കൂൾ നൂറാം വാർഷികത്തിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ കുന്നുകളും മലനിരകളും സന്ദർശിച്ച് പ്രദേശത്തെ ടൂറിസം സാധ്യതകളെ കുറിച്ച് കുട്ടികൾ പഠനം നടത്തും. 

     അഷറവ് പുനത്തിൽ, എൻ.കെ. സലീം, പ്രസന്ന മനോജ്, ദീപ ബി.ആർ., ഷൈനി. എസ്., സുനന വി.ടി., രമ്യ വി., റാഷിദ് വി.കെ., നീതു വി., രസ്ന എസ്., ഗോപി കൃഷ്ണൻ, അജയ് ഘോഷ്, റിഹിത നടുവണ്ണൂർ, സബിത കെ., സജുല പി., സനില കെ.ഡി. തുടങ്ങി സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും പരിപാടിക്ക് നേതൃത്വം നൽകി.

NDR News
21 Dec 2024 03:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents