സത്യമേവ ജയതേ ഏകദിന ശില്പശാല സംഘടിപ്പിച്ചു
എൻ.എസ്.എസ്. കോഴിക്കോട് സൗത്ത് ജില്ല കൺവീനർ എം.കെ. ഫൈസൽ ഉദ്ഘാടനം നിർവ്വഹിച്ചു
കോഴിക്കോട്: ഹയർ സെക്കൻ്ററി എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാർക്കുള്ള സത്യമേവ ജയതേ ഏകദിന ശില്പശാല ജി.വി.എച്ച്.എസ്.എസ്. നടക്കാവിൽ വെച്ച് നടന്നു. ശില്പശാലയുടെ ഉദ്ഘാടനം എൻ.എസ്.എസ്. കോഴിക്കോട് സൗത്ത് ജില്ല കൺവീനർ എം.കെ. ഫൈസൽ നിർവ്വഹിച്ചു. ജി.വി.എച്ച്.എസ്. നടക്കാവ് പ്രിൻസിപ്പാൾ സി. ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
സത്യാനന്തര കാലഘട്ടത്തിൽ വാർത്തകളുടെ നിജസ്ഥിതി അപഗ്രഥിച്ച് തിരിച്ചറിയുക എന്ന അതിജീവന നൈപുണ്യം ആർജിക്കുന്നതിനും വ്യാജവാർത്ത നിർമ്മിതിക്കെതിരെ ജാഗ്രത പുലർത്താനും സാമൂഹ്യമായ അവബോധം സൃഷ്ടിക്കുന്നതിന് വളണ്ടിയർമാരെയും പൊതു സമൂഹത്തെയും പ്രാപ്തരാക്കുന്ന മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയിൽ പെട്ട ബോധവൽക്കരണ പരിപാടിയാണ് 'സത്യമേവ ജയതേ'. ഈയൊരു പദ്ധതി എൻ.എസ്.എസ്. സപ്തദിന ക്യാമ്പിൽ നടപ്പിലാക്കാനുള്ള പരിശീലനമാണ് നൽകിയത്.
ചടങ്ങിൽ എൻ.എസ്.എസ്. സിറ്റി വെസ്റ്റ് ക്ലസ്റ്റർ കൺവീനർ ഗീതാ എസ്. നായർ സ്വാഗതവും ജി.എച്ച്.എസ്.എസ്. മാവൂർ പ്രോഗ്രാം ഓഫീസർ സിനി നന്ദിയും പറഞ്ഞു. എൻ.എസ്.എസ്. ജില്ലാ പരിശീലകരും ക്ലസ്റ്റർ കൺവീനർമാരുമായ കെ.വി. സന്തോഷ് കുമാറും ടി. രതീഷും ശില്പ ശാലയ്ക്ക് നേതൃത്വം നൽകി.