അരിക്കുളം കെ.പി.എം.എസ്.എം. എച്ച്.എസ്.എസ്. ഭിന്നശേഷി വിദ്യാർത്ഥികളുമൊത്ത് വിനോദയാത്ര സംഘടിപ്പിച്ചു
ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായാണ് പരിപാടി
അരിക്കുളം: ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കൻ്ററി സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികളുമൊത്ത് കാപ്പാട് ബീച്ചിലേക്ക് ഒരു വിനോദ യാത്ര സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്. 10 ഭിന്നശേഷി വിദ്യാർത്ഥികളും അവരോടൊപ്പം സ്വന്തം ഇഷ്ടപ്രകാരം വളരെ താല്പര്യത്തോടെ ലിറ്റിൽ കൈറ്റ്സ് കുടുംബാംഗങ്ങളായ 10 വിദ്യാർഥികളുമാണ് ഈ യാത്രയിൽ പങ്കെടുക്കുന്നത്.
മറ്റുള്ള മക്കളെ പോലെ സ്കൂളിൽ വരാനും കുട്ടികളോടൊപ്പം കളിക്കാനും കഴിയാത്ത ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഒരു ദിവസമെങ്കിൽ പോലും സന്തോഷം പകരാൻ കഴിഞ്ഞാൽ അതൊരു വലിയ സന്തോഷം തന്നെയാണ്. ഈ മാതൃകാപരമായ പ്രവർത്തനമാണ് ലിറ്റിൽ കൈറ്റ്സ് കുടുംബാംഗങ്ങൾ ഏറ്റെടുത്തത്.
പ്രിൻസിപ്പാൾ രേഖ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ സുബൈർ ഇടപ്പത്തൂർ, ലിറ്റിൽ കൈറ്റ്സ് കൈറ്റ് മാസ്റ്റർ മുഹമ്മദ് ഷഫീക് കെ., സിൽജ, കൈറ്റ് മിസ്ട്രസ് മുബീന, അനസ് ടി.കെ., അഖില എൻ. എന്നിവർ പങ്കെടുത്തു.