ശിവപുരം ജി.എച്ച്.എസ്.എസിൽ നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
സ്കൂൾ പ്രിൻസിപ്പാൾ ജ്യോതി ഇ.എം. പരിപാടി ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി: ശിവപുരം ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ്. കോഴിക്കോട് ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്ന് ഹയർ സെക്കൻ്ററി വിഭാഗം കുട്ടികൾക്ക് നിയമ ബോധവൽക്കരണ ക്ലാസ് നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ജ്യോതി ഇ.എം. ഉദ്ഘാടനം ചെയ്തു.
'കുട്ടികളിലെ കുറ്റകൃത്യങ്ങളും നിയമവശങ്ങളും' എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ അഭിഭാഷകയായും കോഴിക്കോട് ലീഗൽ സർവീസ് അതോറിറ്റി അസിസ്റ്റൻ്റ് ഡിഫൻസ് കൗൺസിലറുമായ അഡ്വ. പി.കെ. നിർമ്മല മുഖ്യപ്രഭാഷണം നടത്തി. പ്രസ്തുത വിഷയത്തിൽ കുട്ടികൾക്കുള്ള സംശയങ്ങൾ ചർച്ച ചെയ്തു. കേരള സർക്കാറിൻ്റെ മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ഉണ്ണികുളം പഞ്ചായത്ത് സംഘടിപ്പിച്ച ഹരിത സഭയിൽ പങ്കെടുത്ത് റിപ്പോർട്ട് അവതരിപ്പിച്ച എൻ.എസ്.എസ്. വളണ്ടിയർമാർക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
യോഗത്തിൽ ലീഗൽ സർവീസ് അതോറിറ്റി ഉദ്യോഗസ്ഥനായ സുരേന്ദ്രൻ ചടങ്ങിൽ സന്നിഹിതനായിരുന്നു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സ്വാഗതവും എൻ.എസ്.എസ്. ലീഡർ ഹരിനന്ദ നന്ദിയും രേഖപ്പെടുത്തി.