സ്കൂൾ അവധി ദിനത്തിൽ ഗൃഹ സന്ദർശനം നടത്തി കോട്ടൂർ എ.യു.പി. സ്കൂൾ മാതൃകയാകുന്നു
ക്ലാസ് അദ്ധ്യാപികയുടെ നേതൃത്വത്തിലാണ് അദ്ധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ചത്
നടുവണ്ണൂർ: തുടർച്ചയായി വന്ന മഴക്കാല അവധിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീട് സന്ദർശിക്കുകയാണ് ഒരു വിദ്യാലയം. പേരാമ്പ്ര സബ് ജില്ലയിലെ കോട്ടൂർ എ.യു.പി. സ്കൂളിലാണ് മാതൃകാ പ്രവർത്തനം നടക്കുന്നത്. ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ അദ്ധ്യാപകർ വിവിധ സ്കോഡുകളായി തിരിഞ്ഞ് സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീട് സന്ദർശിക്കുകയാണ്.
വ്യാഴാഴ്ച കാലത്ത് പി.ടി.എ. പ്രസിഡൻ്റ് കെ. ദിനേശന്റെ വീട്ടിൽ നിന്നും ആരംഭിച്ച ഗൃഹ സന്ദർശന പരിപാടിയിൽ ഒരു ദിനം കൊണ്ട് 60 ഓളം വീടുകൾ സന്ദർശിച്ചു. ഇനിയും തുടർച്ചയായി അവധി വരുകയാണെങ്കിൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറേണ്ട സാഹചര്യത്തിൽ കുട്ടികൾക്ക് ക്ലാസിൽ പങ്കെടുക്കാൻ കഴിയുമോ, മഴക്കാല ദുരിതം അനുഭവിക്കുന്ന കുട്ടികൾ ഉണ്ടോ, ഉണ്ടെങ്കിൽ അവർക്ക് വേണ്ട സഹായം എത്തിക്കുക, തുടർച്ചയായി അവധി വരുമ്പോൾ കുട്ടികളുടെ ശ്രദ്ധ ടിവിയിലേക്കും ഫോണിലേക്കും മാത്രമായി പോകുന്നു എന്ന പരാതി കൂടി പരിഹരിക്കുക, തുടങ്ങിയ ലക്ഷ്യം കൂടി സന്ദർശനത്തിലുണ്ട്.
ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ അദ്ധ്യാപകർ കൊടുക്കുന്ന പ്രവർത്തനങ്ങൾ കുട്ടികൾ കൃത്യമായി ചെയ്യുന്നുണ്ടോ, എന്തൊക്കെയാണ് വീടുകളിലെ അവസ്ഥ എന്ന പരിശോധനയുടെ ഭാഗമായാണ് ക്ലാസ് ടീച്ചർമാർ തങ്ങളുടെ കുട്ടികളുടെ വീടുകളിൽ എത്തിയത്. രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണമായിരുന്നു ലഭിച്ചതെന്ന് ഗൃഹസന്ദർശനം നടത്തിയ അദ്ധ്യാപകർ പറഞ്ഞു. ഒന്നാം ദിവസം നടന്ന സ്കോഡ് പ്രവർത്തനത്തിന് സ്റ്റാഫ് സെക്രട്ടറി ജിതേഷ് എസ്., ദീപ ബി.ആർ., ഷൈനി എസ്., രമ്യ വി., നീതു വി.ആർ. എന്നിവർ നേതൃത്വം നൽകി.