ഹയർ സെക്കൻ്ററി ഫലം; തിളക്കമാർന്ന വിജയവുമായി വീണ്ടും സി.കെ.ജി. എച്ച്.എസ്.എസ്.
92.5 ശതമാനം വിജയം; രണ്ടുപേർക്ക് ഫുൾ മാർക്ക്
പയ്യോളി: ഈ വർഷത്തെ ഹയർ സെക്കൻ്ററി പരീക്ഷാഫലം പുറത്തുവന്നപ്പോൾ തിളക്കമാർന്ന വിജയവുമായി ചിങ്ങപുരം സി.കെ.ജി. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ. 92.5 ശതമാനം വിജയവുമായി മേലടി സബ്ജില്ലയിൽ വീണ്ടും ഒന്നാം സ്ഥാനത്തായി. എയിഡസ് സ്കൂൾ വിഭാഗത്തിൽ കൊയിലാണ്ടി താലൂക്കിലും വിജയശതമാനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
237 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 219 പേർ തുടർപഠനത്തിന് അർഹത നേടി. 42 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. ബയോളജി സയൻസ്, കൊമേഴ്സ് എന്നീ വിഭാഗങ്ങൾക്ക് 99 ശതമാനവും ഹ്യൂമാനിറ്റീസിന് 93 ശതമാനവുമാണ് വിജയം.
കെ.വി. കീർത്തന, കെ. വൈഷ്ണവ് എന്നീ വിദ്യാർത്ഥികൾ ശാസ്ത്ര വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയത് അഭിമാനമായി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ഇതിനായി പ്രയത്നിച്ച അധ്യാപകരെയും പി.ടി.എയും മാനേജ്മെൻ്റും അഭിനന്ദിച്ചു.