പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയതെന്ന പേരിൽ പ്രചരിക്കുന്ന വിദ്വേഷപരമായ പാഠഭാഗം വ്യാജം; മന്ത്രി വി ശിവൻകുട്ടി
കേരളത്തെക്കുറിച്ച് വെറുപ്പ് പരത്താനുള്ള മറ്റൊരു ശ്രമം ആണിതെന്നും വെറുപ്പിന്റെ കൂട്ടുകാർക്ക് ഇവിടെ സ്ഥാനം ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയതെന്ന പേരിൽ പ്രചരിക്കുന്ന വിദ്വേഷപരമായ പാഠഭാഗം വ്യാജമാണെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തെക്കുറിച്ച് വെറുപ്പ് പരത്താനുള്ള മറ്റൊരു ശ്രമം ആണിതെന്നും വെറുപ്പിന്റെ കൂട്ടുകാർക്ക് ഇവിടെ സ്ഥാനം ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതുകൊണ്ടാണ് വർഗീയ അജണ്ട കേരളത്തിൽ വിജയിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹ്യമാധ്യമമായ എക്‌സിൽ മി. സിൻഹ (മോദിസ് ഫാമിലി) എന്ന അക്കൗണ്ടിലൂടെയാണ് വ്യാജ പാഠഭാഗങ്ങൾ പങ്കുവച്ചിട്ടുള്ളത്. നുണ പറയുക, ആയിരം വട്ടം അത് ആവർത്തിക്കുക, സത്യമാണെന്ന് തോന്നിപ്പിക്കുക എന്നതാണ് അവർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു .
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്: ' ഇത് കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുസ്തകം അല്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. കേരളത്തെ കുറിച്ച് വെറുപ്പ് പരത്താനുള്ള മറ്റൊരു ശ്രമം ആണിത്. കേരളത്തിൽ ജീവിക്കുന്ന, കേരളത്തിൽ എത്തുന്ന ഏവർക്കും അറിയാം എത്രമാത്രം സാഹോദര്യത്തോടെയും സൗഹാർദ്ദത്തോടെയും ആണ് ഇവിടെ ജനങ്ങൾ കഴിയുന്നത് എന്ന്. വെറുപ്പിന്റെ കൂട്ടുകാർക്ക് ഇവിടെ സ്ഥാനം ഇല്ല. അതുകൊണ്ടാണ് വർഗീയ അജണ്ട കേരളത്തിൽ വിജയിക്കാത്തത്'.