കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം; വാർത്താ സമ്മേളനം നടത്തി
വിവിധ മത്സരങ്ങൾ ഡിസംബർ 3, 5, 6,7, 8 തീയതികളിൽ 19 വേദികളിൽ
പേരാമ്പ്ര: 62മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള പത്രസമ്മേളനം പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. 2023 ഡിസംബർ 3, 5, 6,7, 8 തീയതികളിൽ 19 വേദികളിലായി മത്സരങ്ങൾ നടക്കും. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബർ 5 രാവിലെ 11 മണിക്ക് കേരള നിയമസഭ സ്പീക്കർ എ എൻ.ഷംസീർ നിർവഹിക്കും. പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും.
ഡിസംബർ 8 വൈകുന്നേരം അഞ്ചുമണിക്ക് കൊടുവള്ളി എം.എൽ.എ. എം.കെ. മുനീർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 17 ഉപജില്ലകളിൽ നിന്ന് 309 മത്സരയിനങ്ങളിലായി 10000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. പേരാമ്പ്ര എച്ച്.എസ്.എസ്., ദക്ഷിണാമൂർത്തി ഹാൾ, ജി.യു.പി.എസ്. പേരാമ്പ്ര, ബഡ്സ് സ്കൂൾ, ദാറുന്നുജും കോളേജ്, എൻ.ഐ.എം.എൽ.പി. സ്കൂൾ സെന്റ് ഫ്രാൻസിസ് സ്കൂൾ സി.കെ.ജി. കോളേജ് എന്നിവിടങ്ങളിലാണ് വേദികൾ സജ്ജമാക്കിയിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഡിസംബർ 6,7 തീയതികളിൽ പേരാമ്പ്ര മാർക്കറ്റിന് സമീപം സാംസ്കാരിക സദസ്സ് ഉണ്ടായിരിക്കും. കലോത്സവത്തിന്റെ പ്രചരണാർത്ഥം ഡിസംബർ 2 വൈകീട്ട് 3.30ന് പേരാമ്പ്ര മിനി സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് ചെമ്പ്ര റോഡ് വരെ വിളംബരജാഥ നടത്തും.
പേരാമ്പ്ര എം.എൽ.എയും സ്വാഗതസംഘം ചെയർമാനും ആയ ടി.പി. രാമകൃഷ്ണൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ സി., പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു, ബ്ലോക്ക് മെമ്പർ കെ.കെ. വിനോദ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, ബ്ലോക്ക് മെമ്പർ ലിസി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി പൊൻപാറ, ഗ്രാമപഞ്ചായത്ത് മെമ്പറും മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി ചെയർമാനുമായ അർജുൻ കറ്റയാട്ട്, മീഡിയ കമ്മിറ്റി കൺവീനർ അനിൽകുമാർ സി.കെ., പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ഇ.എം. ബാബു, സെക്രട്ടറി ദേവരാജൻ കന്നാട്ടി, ട്രഷറർ ഇ. ബാലകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പാൾ നിഷിത, ഹെഡ്മാസ്റ്റർ സുനിൽകുമാർ, കെ.വി. ഷിബു, ബിജു പി.കെ., അബ്ദുൽ ജലീൽ എ.എം., സുനിൽകുമാർ പി.കെ. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.