കളന്തോട് എംഇഎസ് കോളജിലെ റാഗിങ് കേസില്‍ ഉള്‍പ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കി
മുടിവെട്ടാത്തത്തിനും ഷര്‍ട്ടിന്റെ ബട്ടണ്‍ ധരിക്കാത്തതിനുമായിരുന്നു റാഗിങ്ങ്

കോഴിക്കോട്: കളന്തോട് എംഇഎസ് കോളജിലെ റാഗിങ് കേസില്‍ ഉള്‍പ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കി. കോളജിലെ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പൊലീസിനും ആന്റി റാഗിങ് സ്‌ക്വാഡിനും യുജിസിക്കും സര്‍വകലാശാലയ്ക്കും കൈമാറി. കഴിഞ്ഞ ബുധനാഴ്ചയാണ് കോളജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് മിഥിലാജിന് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ക്രൂരമായ റാഗിങ് നേരിട്ടത്.
റാഗിങ്ങില്‍ ഉള്‍പ്പെട്ട ഏഴ് വിദ്യാര്‍ത്ഥികളാണ് കേസില്‍ നടപടി നേരിടുന്നത്. അഞ്ച് വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് പുറത്താക്കും. രണ്ട് പേരെ അഞ്ചാം സെമസ്റ്ററില്‍ പുറത്താക്കുകയും ആറാം സെമസ്റ്ററില്‍ തിരിച്ചെടുക്കുകയും ചെയ്യും. മുടിവെട്ടാത്തത്തിനും ഷര്‍ട്ടിന്റെ ബട്ടണ്‍ ധരിക്കാത്തതിനുമായിരുന്നു മിഥിലാജിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചത്.
കോളജിന്റെ ഗേറ്റിന് പുറത്തു വെച്ചായിരുന്നു സംഭവം. കല്ലും ഇരുമ്പു ദണ്ഡും ഉപയോഗിച്ചായിരുന്നു മര്‍ദനം. വധ ശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേത്താണ് കേസ്. കണ്ണിനും മുഖത്തും മാരകമായി പരുക്കേറ്റ മിഥിലാജ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.