പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പുതിയ കെട്ടിടോദ്ഘാടനം ജൂൺ 12 ന്
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും
പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ജൂൺ 12 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. 1948ൽ സ്ഥാപിതമായ സ്കൂളിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന 75-ാം വാർഷികാഘോഷ പരിപാടികൾ വടകര എം.പി. കെ. മുരളീധരനും ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന സ്കൂൾ ഗ്രൗണ്ടിൻ്റെ പ്രവൃത്തി ഉദ്ഘാടനം പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണനും നിർവഹിക്കും.
മൂന്ന് നിലകളിലായി എല്ലാ ക്ലാസ് റൂമുകളും സ്മാർട് ക്ലാസ് റൂം, ലിഫ്റ്റ് സൗകര്യം ഉൾപ്പെടെയാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ മാനേജർ എ.കെ. കരുണാകരൻ നായർ, എഞ്ചിനീയർ അരവിന്ദൻ, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് രാജീവൻ മമ്മിളി, കബഡി പരിശീലകരായ മിഥുൻ ലാൽ, ബൽജിത്, അക്ഷയ്, ദേശീയ സ്കൂൾ കബഡി ടീം അംഗം യാസർ അറാഫത്ത്, ഗീത ശർമ്മ, മജീഷ് കരയാട് എന്നിവരെ ആദരിക്കും.
ഉച്ചയ്ക്ക് ചേരുന്ന അനുമോദന സംസ്കാരിക സദസ്സിൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും പശ്ചിമ ബംഗാളിലെ സൗത്ത് ബിലജ്പൂർ ജില്ലാ കളക്ടറുമായ ബിജിൻ കൃഷ്ണ ഐ.എ.എസ്., രമേശ് കാവിൽ എന്നിവർ സംബന്ധിക്കും. എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 164 വിദ്യാർത്ഥികൾക്കും ഹയർ സെക്കൻ്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ 60 വിദ്യാർത്ഥികൾക്കും സംസ്ഥാന സ്കൂൾ കലാ ശാസ്ത്ര മേഖലകളിൽ ജേതാക്കളായ 55പേർക്കും ഉപഹാരങ്ങൾ നൽകും.
തുടർന്ന് നടക്കുന്ന കലാ സായാഹ്നം ജാനു തമാശ ഫെയിം ലിതിൻ ലാൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയികളായ പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ, പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും കലാ പരിപാടികൾ, അജയ് ഗോപാൽ നയിക്കുന്ന ഗാനമേള തുടങ്ങിയ പരിപാടികൾ നടക്കും.
പത്രസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പാൾ കെ. നിഷിത, ഹെഡ് മാസ്റ്റർ പി. സുനിൽകുമാർ, പി.ടി.എ. പ്രസിഡൻ്റ് ആർ.കെ. രജീഷ് കുമാർ, സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി ഭാരവാഹികളായ എം. അജയകുമാർ, സുധാകരൻ വരദ, പൂക്കോട്ട് ബാബുരാജ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.ബി. രാജേഷ്, പബ്ലിസിറ്റി കൺവീനർ എ.കെ. രജീഷ് കുമാർ, സ്വീകരണ കമ്മിറ്റി കൺവീനർ കെ. ചന്ദ്രിക തുടങ്ങിയവർ സംബന്ധിച്ചു.