headerlogo
education

നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ നാല്പതാണ്ടുകൾക്ക് ഇപ്പുറത്തെ ഓർമ്മപ്പെയ്ത്ത്

1982 ൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്കൂൾ ഡേയ്‌സ് 82 ആണ് ഈ സമാഗമം ഒരുക്കിയത്

 നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ നാല്പതാണ്ടുകൾക്ക് ഇപ്പുറത്തെ ഓർമ്മപ്പെയ്ത്ത്
avatar image

NDR News

23 May 2023 03:48 PM

വെള്ളിയൂർ: ലോകത്തിൻ്റെ പലഭാഗത്തേക്കും ചിതറിപ്പോയ ഇരുന്നൂറോളം സഹപാഠികൾ നാൽപതാണ്ടുകൾക്കു ശേഷം തങ്ങളുടെ വിദ്യാലയ മുറ്റത്ത് കൗമാര കൗതുകങ്ങളോടെ ഒത്തുകൂടി. അവരുടെ മുപ്പതോളം അധ്യാപകരും ആ സമാഗമത്തിന് സാക്ഷികളായി. കണ്ടു മതിയാവാതെ, മിണ്ടിത്തീരാതെ, പിരിയാൻ വയ്യാതെ അവർ ഗൃഹാതുരതയുടെ നിറവിൽ ലയിച്ച മണിക്കൂറുകൾ. നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ 1982 ൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 'കുട്ടി'കളുടെ കൂട്ടായ്മയായ സ്കൂൾ ഡേയ്‌സ് 82 ആണ് ഈ സമാഗമം ഒരുക്കിയത്.

        സാഹിത്യ അക്കാദമി പുരസ്കാര ജേതാവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ കവി വീരാൻ കുട്ടി സമാഗമം ഉദ്ഘാടനം ചെയ്തു. തങ്ങളുടെ സഹപാഠി അബ്ദുള്ള പേരാമ്പ്ര എന്ന എഴുത്തുകാരൻ്റെ 98-ാമത് പുസ്തകം 'ചെരുപ്പു കുത്തിയും മാലാഖ'യും പ്രകാശിപ്പിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം. 1982ലെ പ്രധാനാധ്യാപകൻ എം.വി. രാഘവൻ നായർ ആദ്യപ്രതി വീരാൻകുട്ടിയിൽ നിന്ന് സ്വീകരിച്ചു കൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തി.

        ഓർമ്മപ്പെയ്ത്ത് എന്നു പേരിട്ട ഉദ്ഘാടന ചടങ്ങിൽ മുൻ പ്രിൻസിപ്പാൾമാരായ ഇ.കെ. കമലാദേവി, സി. അഹമ്മദ് കുട്ടി, നിലവിലെ പ്രിൻസിപ്പാൾ കെ. സമീർ, ഹെഡ്മിസ്ട്രസ് എം. ബിന്ദു, ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.എം. നസീർ എന്നിവർ ആശംസാ പ്രസംഗം നടത്തി. 1982 ബാച്ചുകാരനും ഇതേ സ്കൂളിൽ തന്നെ ദീർഘാകാലത്തെ അധ്യാപക സേവനത്തിനു ശേഷം ഈ വർഷം വിരമിക്കുന്ന ഹെഡ് മാസ്റ്റർ പി.പി. അബ്ദുറഹ്മാൻ അധ്യക്ഷനായി. സംഘാടക സമിതി ജനറൽ കൺവീനർ ഒ.കെ. അജയൻ സ്വാഗതം പറഞ്ഞു. ടി. സുജാത കെ.കെ. മൊയ്തീൻ കോയ എന്നിവർ ചടങ്ങ് നിയന്ത്രിച്ചു.

        മൺമറഞ്ഞ അധ്യാപകർക്കും സഹ വിദ്യാർത്ഥികൾക്കും ആദരാഞ്ജലി അർപ്പിച്ചാണ് ചടങ്ങ് തുടങ്ങിയത്. തുടർന്ന് ഗുരുവന്ദനം പരിപാടിയിൽ മുപ്പതോളം അധ്യാപകരെ പുഷ്പഹാരം, പൊന്നാട, ആദര ഫലകം എന്നിവ നൽകി ആദരിച്ചു. പങ്കെടുത്ത എല്ലാ പൂർവ്വ വിദ്യാർത്ഥികളുടെയും ലഘു ജീവിതചിത്രം അവതരിപ്പിച്ചു കൊണ്ട് വേദിയിൽ ആദരവിനായി ക്രമീകരിച്ചത് വേറിട്ട മാതൃകയായി. 

        വികാര വായ്‌പോടെയാണ് ഈ ഗുരുപൂജാ വേള സ്വീകരിക്കപ്പെട്ടത്. കൂട്ടായ്മയിലെ പത്ത് പ്രതിഭകൾ തന്നെ അവതാരകരായും തിളങ്ങി. അധ്യാപകരെ സ്വീകരിച്ചിരുത്തി സദ്യ വിളമ്പിയും പൂർവ്വ വിദ്യാർത്ഥികൾ സ്നേഹം പ്രകടിപ്പിച്ചു. മുഹൂർത്തങ്ങളെ പകർത്തിയ ഫോട്ടോ സെഷനായിരുന്നു പിന്നീട്. അംഗങ്ങളുടെ കലാപരിപാടികൾ സ്കൂൾ കാലത്തെ യുവജനോത്സവ സ്മൃതികൾ ഉണർത്തുന്നതായി. പുതിയ നേതൃ സമിതിയെ നിയോഗിച്ച്, ഭാവി പ്രവർത്തനങ്ങൾക്കുള്ള പ്രതലമൊരുക്കിയാണ് സമാഗമം പിരിഞ്ഞത്.

NDR News
23 May 2023 03:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents